Friday, March 9, 2007

സര്‍പ്രൈസ് വിസിറ്റ്

Tuesday, February 20, 2007

"ശരി, രണ്ടു മാസത്തിനുള്ളില്‍ എന്തായാലും ഞാന്‍ നാട്ടിലെത്തും. ഇനി ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം." അര മണിക്കൂറിലധികമായി ബിന്ദുവുമായി സംസാരിച്ചുതുടങ്ങിയിട്ട്. എല്ലാ ദിവസവും വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് അരുണിനേയും ഡോണിനേയും (കിച്ചു), ബിന്ദുവിനേയും ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. 2005-ല്‍ ആണ് അവര്‍ മൂവരും നാട്ടിലേക്ക് മാറിയത്. എട്ട് മാസം മുന്‍പ് അനിയന്റെ കല്യാണത്തില്‍ സംബന്ധിക്കുവാന്‍ നാട്ടില്‍ പോയപ്പോള്‍ എല്ലാവരേയും കണ്ടിരുന്നു. ഇത്തവന ക്രിസ്തുമസിന് ലീവില്ലാതിരുന്നതിനാല്‍ നാട്ടില്‍ പോവാന്‍ സാധിച്ചില്ല.

ജാനുവരി 3 ബുധനാഴ്ച. നാട്ടില്‍ പോകുന്നതിനേപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു ബുദ്ധി തോന്നി. പ്യൂണിനെ വിളിച്ച് ഒരു ലീവ് ആപ്ലിക്കേഷന്‍ ഫോം കൊണ്ടുവരാന്‍ പറഞ്ഞു. അവധിയെടുത്താലേ LTA ക്ലെയിം ചെയ്യാന്‍ പറ്റൂ. 5 ദിവസം അവധി കിട്ടും.

ഭാഗ്യം! ജാനുവരി 8 മുതല്‍ 12 വരെ അവധി ഓക്കെ. പിന്നെ ഒട്ടും വൈകാതെ തന്നെ സുഹൃത്ത് ബെന്നി ജോലി ചെയ്തിരുന്ന ട്രാവല്‍ ഏജന്‍സിയില്‍ പോയി കൊച്ചിക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റെടുത്തു. മുംബൈ കൂടി തിരിച്ചുള്ള ടിക്കറ്റും ഇന്റര്‍നെറ്റില്‍ നിന്നും ജാനുവരി 17-ലേക്ക് എടുത്തു.

ജാനുവരി 6 ശനി. പതിവുപോലെ വൈകുന്നേരം വീട്ടിലേക്കു വിളിച്ചു. സരസസല്ലാപങ്ങള്‍ക്കിടയില്‍ അരുണ്‍ ചോദിച്ചു.
"അപ്പേ, അപ്പ എന്നാ വരുന്നത്? എനിക്ക് അപ്പയെ കാണാന്‍ കൊതിയാകുന്നു."

എത്ര തവണ കേട്ട വാക്കുകള്‍! "ഞാന്‍ ഒരു ദിവസം അവിടെ എത്തും മോനേ." അവനെ ഞാന്‍ ഒരു വിധം സമാധാനിപ്പിച്ചു.

"അപ്പ വന്നിട്ട് വേണം ഒരു സൈക്കിള്‍ വാങ്ങാന്‍. എനിക്ക് രണ്ടു ടയറുള്ള ഒരു ചെറിയ സൈക്കിള്‍ വാങ്ങിത്തരുവോ?"

"അപ്പ നാട്ടില്‍ വന്നാലുടന്‍ തന്നെ വാങ്ങിത്തരാടാ കുട്ടാ." ഞാന്‍ അവനെ സമാധാനിപ്പിച്ചു.

"ഹലോ...... അപ്പേ.........." ഇളയ മകന്‍ കിച്ചുവിന്റെ ശ്രുതിമധുരമായ സ്വരം.

"എന്താടാ കിച്ചുക്കുട്ടാ........" അവന്‍ പറയുന്ന ട്യൂണില്‍ തന്നെ അവനോട് സംസാരിക്കുന്നതാണ് അവനിഷ്ടം.

"അപ്പേ.., പെട്ടെന്ന് വാ അപ്പേ........." അവനും വിടാനുള്ള ഭാവമില്ല.

"വരാടാ കുട്ടാ..... പെട്ടെന്ന് വരാം...."

"എനിക്കും സൈക്കിള്‍ വാങ്ങിത്തരുവോ അപ്പേ?...." അവന്‍ ചേട്ടായിയുടെ സംഭാഷണം ശ്രദ്ധിച്ചിരിക്കുന്നു എന്ന് മനസ്സിലായി.
"പിന്നല്ലാതെ. മോനും സൈക്കിള്‍ വാങ്ങിത്തരാട്ടോ" അവനെയും ഒരു വിധം സമാധാനിപ്പിച്ചപ്പോള്‍ മൂന്നാമത്തെയാളും ലൈനിലെത്തി.

പതിവുള്ള പരാതികളും പരിഭവങ്ങള്‍ക്കുമൊടുവില്‍ അവളോടും പറഞ്ഞു..

"ഓഫീസില്‍ നല്ല ജോലിത്തിരക്കുള്ള മാസങ്ങളാണ്. അതിനാല്‍ ബോസ് അവധി തരുന്നില്ല. രണ്ടു മാസം കൂടി കഴിയട്ടെ."

അവള്‍ എന്നത്തേയും പോലെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഫോണ്‍ വച്ചു.

*** **** ***

ജാനുവരി 7, രാവിലെ 5 മണിക്ക് തന്നെ ചാടി എഴുന്നേറ്റു. സാധാരണ 8.30 ആകുമ്പോഴാണ് എഴുന്നേല്‍ക്കാറു പതിവ്. എന്നാല്‍ കഴിഞ്ഞ രാത്രി ഉറ്ങ്ങിയേയില്ല. ഇനി രാവിലെ എങ്ങാനും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ ഫ്ലൈറ്റ് മിസ്സായാലോ. അതിനാല്‍ മുറിയിലെ ലൈറ്റുകളെല്ലാം ഓണാക്കിയിട്ടിട്ടാണ് കിടന്നത് തന്നെ.

സമയം 6.15 ആയിട്ടും മനോജ് എത്തിയില്ല. ആറുമണിക്കെത്താമെന്ന് പറഞ്ഞിരുന്നതാണ്. അതു മാത്രമല്ല ഒരു ഫോണ്‍ വരികയോ ഞാന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുകയോ ചെയ്യുന്നുമില്ല.

സമയം 7.00. ഇനിയും താമസിച്ചാല്‍ ശരിയാകില്ല. എയര്‍പോര്‍ട്ടിലേക്ക് 15 കി. മീ. ഓട്ടോ‍യില്‍ പോകാമെന്നു കരുതി വീടു പുട്ടാനൊരുങ്ങുമ്പോള്‍ മനോജിന്റെ ഫോണ്‍. പതിനഞ്ചു മിനിട്ടിനകം എത്തുമെന്ന്.

ഏതായാലും 7.15 ആയപ്പോള്‍ മനോജ് കാറുമായെത്തി. പെട്ടെന്ന് തന്നെ ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു.

8 മണിക്ക് എയര്‍പോര്‍ട്ടിലെത്തി. മനോജിനോട് പത്ത് ദിവസങ്ങള്‍ക്കു ശേഷം കാണാമെന്ന് പറഞ്ഞ് മൂന്നാം നമ്പര്‍ ഗേറ്റിനരികിലെ ക്യൂവില്‍ ഞാന്‍ സ്ഥലം പിടിച്ചു.

എന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു ക്യാബിന്‍ ബാഗ്ഗേജ് ആണ്. അത് സ്കാന്‍ ചെയ്തിട്ട് ടിക്കറ്റ് കൌണ്ടറിലെത്തി ഒരു എന്‍‌ട്രി ടിക്കറ്റും വാങ്ങി യാത്രക്കാരുടെ ഇരിപ്പിടത്തില്‍ പോയിരുന്നു.

9 മണിക്ക് സെക്യൂരിറ്റി ചെക്കിനു ശേഷം അടുത്ത വെയിറ്റിംഗ് റൂമിലെത്തി. അപ്പോഴും മനസ്സ് നാട്ടില്‍ത്തന്നെ. അവിടെ കണ്ട ദിനപ്പത്രങ്ങള്‍ വെറുതെ നോക്കിക്കൊണ്ടിരുന്നു. പിന്നെ അവിടെക്കണ്ട ഒരു മലയാളിയുടെ അടുത്തുപോയി സംസാരിച്ചിരുന്നു.

വിമാനം അര മണിക്കൂര്‍ താമസിക്കുമെന്ന അറിയിപ്പു മുഴങ്ങി. മുന്‍പില്‍ പത്രം വായിച്ചുകൊണ്ടിരുന്നവരെ ശ്രദ്ധിച്ചും വീട്ടിലെത്തുമ്പോള്‍ എന്നെ പെട്ടെന്നു കാണുമ്പോഴുള്ള ഭാര്യയുടേയും കുട്ടികളുടേയും ഭാവഹാവാദികളും മറ്റും ഞാന്‍ മനസ്സില്‍ക്കണ്ടും ഞാന്‍ കാത്തിരിപ്പിന്റെ വിരസത അകറ്റി.

സഹാറ വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കു യാത്ര ചെയ്യേണ്ടവര്‍ മൂന്നാം നമ്പര്‍ ഗേറ്റിലൂടെ പുറത്തിറങ്ങി വിമാനത്തിനടുത്തേക്ക് പോകാന്‍ തയ്യാറായിക്കിടക്കുന്ന ബസ്സില്‍ കയറാനുള്ള അറിയിപ്പു ലഭിച്ചു.

ഞാന്‍ എന്‍‌ട്രി ടിക്കറ്റ് കൌണ്ടറില്‍ കാണിച്ചതിനു ശേഷം മറ്റുള്ളവരോടൊപ്പം വെളിയിലിറങ്ങി അവിടെ കാത്തുകിടന്ന ബസ്സില്‍ക്കയറി.
പത്തുമിനിട്ടോളം ഓടിയ ബസ്സ് വിമാനത്തിനടുത്തെത്തി നിന്നു. വിമാനത്തിന്റെ വാതില്‍ക്കലും ടിക്കറ്റ് കാണിച്ച് ഞാന്‍ വിമാനത്തിനുള്ളില്‍ കയറി എന്റെ വിന്‍ഡോ സീറ്റില്‍ പോയിരുന്നു. സാധാരണ ഒരു പ്രാവശ്യം എങ്കിലും ഞാന്‍ അവധി ദിവസങ്ങളില്‍ നാട്ടിലേക്കു വിളിക്കാറുള്ളതാണ്. മൊബൈല്‍ പോക്കറ്റില്‍ നിന്നും എടുത്തെങ്കിലും ഇനി നാട്ടിലെത്തിയിട്ടു വിളിക്കാമെന്നുവച്ച് ഓഫ് ചെയ്തുവച്ചു.

10.45 നാണ് വിമാനം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടത്. വിന്‍‌ഡോയിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ടും ഇടക്കിടെ എത്തിയ സ്നാക്സും മറ്റും കഴിച്ചും അടുത്തിരുന്ന ആളോട് സംസാരിച്ചും സമയം തള്ളിനീക്കി. ഹൈദ്രബാദില്‍ വിമാനം 12.15 നെത്തി. അവിടെ കുറെ യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്തു. ഏകദേശം ഒന്നര മണിക്കൂറോളം വിമാനത്തിനുള്ളില്‍ത്തന്നെയിരുന്ന് പുറത്തെ കാഴ്ചകള്‍ കാണേണ്ടിവന്നു. എനിക്ക് വീട്ടില്‍ ഒരു 5 മണിക്കെങ്കിലും എത്തണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എന്തുചെയ്യാനാണ്. ഞാ‍ന്‍ വാച്ചില്‍ തെരുതെരെ നോക്കി സമയം 1.45 ആകുന്നതും കാത്തിരുന്നു.

1.45 ന് തിരിച്ച വിമാനം 3.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി. അങ്ങിനെ വീട്ടില്‍ ആരുമറിയാതെ കേരളത്തിലെത്തി. ഇനി ഫോണ്‍ വിളിച്ചാലോ എന്നാലോചിച്ചെങ്കിലും എവിടെയാണെന്ന് ഭാര്യ ചോദിക്കുമ്പോള്‍ നുണ പറയേണ്ടിവരുമെന്നുള്ളതുകൊണ്ട് ഞാന്‍ അതു വേണ്ടെന്നു വച്ചു.

ഇനി ബസ്സില്‍ നാലര മണിക്കൂര്‍ എങ്കിലും ഇരുന്നാലേ വീട്ടിലെത്താന്‍ പറ്റൂ.

ഡല്‍ഹിയിലെ കൊടും തണുപ്പില്‍ നിന്നും കൊച്ചിയില്‍ എത്തിയപ്പോള്‍ അവിടെ നല്ല ചൂട്. അതിനാല്‍ ഇട്ടിരുന്ന കോട്ടും മറ്റും ബാഗില്‍ വച്ച് പുറത്തിറങ്ങി. അവിടെ ധാരാളം പേര്‍ യാത്രക്കാരെ പ്രതീക്ഷിച്ച് നില്‍ക്കുന്നതുകണ്ടു. എന്നെ പ്രതീക്ഷിച്ചു നില്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ആരേയും ശ്രദ്ധിക്കാതെ പെട്ടെന്ന് പുറത്തിറങ്ങി. അവിടെ കണ്ട ഒരു ഓട്ടോയില്‍ ഞാന്‍ ആലുവായ്ക്ക് കയറി.

അവിടെ നിന്നും ഭാഗ്യത്തിന് മൂവാറ്റുപുഴക്കും, തൊടുപുഴക്കും, ഉടുമ്പന്നൂര്‍ക്കും പെട്ടെന്ന് ബസ്സ് കിട്ടി. തൊടുപുഴ മാത്രം കുട്ടികള്‍ക്ക് ചില കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ഒരു കടയില്‍ കയറി. ഉടുമ്പന്നൂരും ഒരു ബേക്കറിയില്‍‍ നിന്നും കുട്ടികള്‍ക്കിഷ്ടപ്പെട്ട കുറെ സാധനങ്ങള്‍ വാങ്ങി. ഒരു ഓട്ടോയില്‍ വീട്ടിലേക്കു തിരിച്ചു. അപ്പോള്‍ സമയം ഏകദേശം 7.45 ആയിരുന്നു. പതിവിനു വിപരീതമായി ഓട്ടോയില്‍ വീടു വരെ പോകാതെ ഏകദേശം 200 മീറ്റര്‍ അകലെ നിറുത്താന്‍ പറഞ്ഞു. ഓട്ടോ ചാര്‍ജ്ജ് കൊടുത്തിട്ട് ഞാന്‍ മൊബൈലിന്റെ വെളിച്ചത്തില്‍ വീട്ടിലേക്കു നടന്നു. വീടിനോടടുക്കുന്തോറും എന്തെന്നില്ലാത്ത ഒരു സന്തോഷം ഉള്ളില്‍ നിറഞ്ഞു. കുട്ടികള്‍ ഇപ്പോള്‍ എന്തെടുക്കുകയായിരിക്കും?

ദൂരെ നിന്നു തന്നെ വീടിനു ചുറ്റും ലൈറ്റ് കാണാം. ഇനി ആരും കാണാതെ എങ്ങിനെയാണ് അവിടെ വരെയെത്തുക. അല്പം പോലും ശബ്ദമുണ്ടാക്കതെ ഞാന്‍ വീടിനടുത്തെത്തി. വീടിന്റെ പിന്‍‌വശത്തെ വാതില്‍ അല്പം തുറന്നു കിടന്നിരുന്നു. എല്ലാവരും ടി. വി. യുടെ മുന്നിലാണ്. അരുണ്‍, കിച്ചു എല്ലാവരും അങ്ങോട്ടു തന്നെ ശ്രദ്ധ. ബിന്ദുവും, ബിജിയും (അനിയന്റെ ഭാര്യ) ടി.വി. കാണുന്നതിന്റെ ഇടയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഓടിച്ചെന്ന് കുട്ടികളെ രണ്ടുപേരേയും എടുക്കാന്‍ മനസ്സു വെമ്പി. എന്നാല്‍ സര്‍പ്രൈസ് വിസിറ്റിന്റെ പൂര്‍ണ്ണമായ ഫലം കിട്ടണമെങ്കില്‍ എന്തെങ്കിലും രസകരമായ കുസൃതികളൊപ്പിക്കണം.

ഞാന്‍ എന്റെ ബാഗ് ഭദ്രമായി ഒരിടത്ത് വച്ചിട്ട് വീടിനുള്ളിലേക്ക് ഒരു ചെറിയ കല്ലെടുത്തെറിഞ്ഞു.

"ദേ അമ്മേ ഒരു കല്ല്" കിച്ചു ആ കല്ലെടുത്ത് അമ്മയെ കാണിച്ചു. അവള്‍ അതത്ര ശ്രദ്ധിച്ചില്ലെങ്കിലും തുറന്നുകിടന്ന വാതില്‍ അല്പം കൂടി ചാരിയിട്ടു.

ഞാന്‍ ശബ്ദം ഉണ്ടാക്കാതെ അടുക്കള വഴി മുറിയിലേക്ക് കയറാന്‍ തുടങ്ങിയ ഉടനെ എന്തോ പറഞ്ഞുകൊണ്ട് ബിന്ദു അടുക്കളയിലേക്കു വരുന്ന ശബ്ദം കേട്ട ഞാന്‍ രണ്ടു ചാട്ടത്തിന് വീടിനു പുറത്തെത്തി. പിന്നെ പതുക്കെ വീടിന്റെ മുന്‍‌വശത്തെക്ക് ചെന്നു. കൂട്ടില്‍ കിടക്കുന്ന പട്ടി പോലും ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല ഭാഗ്യം.

ഒരു നിമിഷം. എന്റെ കാല്‍ താഴെക്കിടന്ന ഒരു കളിപ്പാട്ടത്തില്‍ തട്ടി അതില്‍ നിന്നും വലിയ ഒരു ശബ്ദം ഉയര്‍ന്നു. ക്ര്‌ര്‍‌ര്‍‌ര്‍....ഇതു കേട്ടതും പട്ടി ചാടിയെണീറ്റ് കുരക്കാന്‍ തുടങ്ങി. കഷ്ടം, ഇതിനൊന്നും ഉറക്കവുമില്ലേ എന്നു ചിന്തിച്ചുകൊണ്ട് അടുത്തു കണ്ട വാഴയുടെ നിഴലിലേക്ക് പെട്ടെന്ന് മാറി. ഭാഗ്യം. പട്ടി കൂട്ടിലാണ്. ഇന്ന് അതിനെ അഴിച്ചുവിട്ടിട്ടില്ല.

എന്നാല്‍ മറ്റൊന്ന് സംഭവിച്ചു. ഒരു വലിയ ടോര്‍ച്ചുമായി അനിയന്‍ അവിടേക്കോടി വന്നു. അവന്‍ മുറ്റത്തുകൂടി വെറുതെ നടക്കുകയായിരുന്നു അപ്പോള്‍. അതിനിടയിലാണ് കളിപ്പാട്ടം ഞാന്‍ തൊഴിച്ചു തെറുപ്പിച്ചതും അത് പട്ടി അനിയനെ വിളിച്ചറിയിച്ചതും.

അവന്‍ ടോര്‍ച്ചു തെളിച്ചുകൊണ്ടോടി വന്നതിനാല്‍ എനിക്ക് എങ്ങോട്ടും മാറാനുള്ള സമയം കിട്ടിയില്ല. ഇനിയെന്തു ചെയ്യും. അവന്‍ എന്നെക്കണ്ട് അന്തം വിട്ട നാരായണന്‍ വണ്ടിവിട്ടപോലെ വായും പൊളിച്ചു നില്‍ക്കുകയാണ്. അവന്‍ വിചാരിച്ചത് വല്ല കള്ളനും ആണെന്നാണ്.

അവന്‍ കരാട്ടേ ബ്ലാക്ക് ബെല്‍ട്ടായതിനാല്‍ ഏതു നിമിഷവും അടിവീണേനെ. അവന്റെ പഞ്ചിന് ഒഴിഞ്ഞുമാറാന്‍ പണ്ടെങ്ങോ ഞാന്‍ പഠിച്ച കളരിപ്പയറ്റൊന്നും അവന്റെ അടുത്ത് വിലപ്പോവില്ല താനും. വീടിനടുത്തുള്ള ഒരു ഗ്രൌണ്ടില്‍ പണ്ട് അവനും മറ്റ് രണ്ട് അനിയന്മാരും (ട്വിന്‍സ്) കരാട്ടേ പഠിക്കുമ്പോള്‍ ഞാന്‍ അത് നോക്കി നില്‍ക്കാറുണ്ടായിരുന്നു. അന്ന് വെറുതെ ജിംനേഷ്യത്തില്‍ പോകാറുണ്ടെങ്കിലും കരാട്ടേ എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു :

“ഇനി അനിയന്മാര്‍ മൂന്നുപേരും കൂടി ഒന്നിച്ചുവന്നാലെന്തു ചെയ്യും?”

സുഹൃത്ത് തന്നെ ഒരു വഴിയും പറഞ്ഞുതന്നു. വരുന്ന ഓരോ അടിയും ഇടിയും മറ്റും തടുക്കുന്നതിലും എളുപ്പമാണ് ഒഴിഞ്ഞുമാറുക എന്നത്. പിന്നെ താമസിച്ചില്ല കളരിപ്പയറ്റുമായി ഒന്നര വര്‍ഷം. അതു പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് നാടുവിട്ടു മദ്ധ്യപ്രദേഴിലെ ഇന്‍‌ഡോറിലെത്തി.

ഞാന്‍ അവിടെങ്ങിനെ ഒരു മുന്നറിയിപ്പുമില്ലാതെ എത്തി എന്നുള്ള അവന്റെ ചോദ്യത്തിന് നീ മിണ്ടാതിരിക്ക് ഞാന്‍ പിന്നീട് പറയാമെന്നു പറഞ്ഞിട്ട് എന്റെ മുറിയിലേക്ക് ഓടിക്കയറി.

അല്പസമയത്തിനു ശേഷം ബിന്ദു ഞാനിരുന്ന മുറിയുടെ മുന്നിലെത്തി വാതില്‍ തുറക്കാന്‍ ഭാവിച്ചു. "ഇതാരാ മുറിയില്‍, ഇതിപ്പോള്‍ തുറന്നുകിടന്നതാണല്ലോ" എന്നും പറഞ്ഞ് തള്ളുന്നുണ്ട്. എന്നാല്‍ വാതില്‍ തുറക്കാതിരുന്നപ്പോള്‍ അവള്‍ക്ക് പേടിയായി.

അവള്‍ അനിയനേയും ഭാര്യയേയും വിളിച്ചു. “ആരോ മുറിയില്‍ കയറിയിട്ടുണ്ട്.. തീര്‍ച്ച..” അവള്‍ അവരോടു പറയുന്നത് കേട്ടു.

ഡും.. ഡും.. ഡും.. അവര്‍ മൂവരും മുറിയുടെ വാതിലില്‍ മുട്ടിവിളിക്കാന്‍ തുടങ്ങി.

“ആരാ ഈ പാതിരാത്രിക്ക് വാതിലില്‍ മുട്ടുന്നത്, ഒന്നുറങ്ങാനും സമ്മതിക്കില്ലാന്നുവച്ചാല്‍” ഞാന്‍ സ്വരം മാറ്റി കോട്ടുവായിട്ടുകൊണ്ടു പറഞ്ഞു.

ബിന്ദുവും ബിജിയും മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നിട്ടുണ്ടാവണം. അനിയന്‍ ചിരിയടക്കാന്‍ പാടുപെടുന്നുണ്ടാവണം. ഞാന്‍ മനസ്സിലോര്‍ത്തു.

അവരുടെ വാതിലില്‍ മുട്ട് ശക്തിയായതു കൂടാതെ അനിയനോട് ബിജിയുടെ “ഒരു ഉലക്ക കൊണ്ടുവരട്ടേ” എന്ന ചോദ്യവും കേട്ട ഞാന്‍ ഇനിയും ഇങ്ങിനെയിരുന്നാല്‍ അത് പന്തിയല്ലെന്ന് കണ്ട് പൊട്ടിവന്ന ചിരിയെ ഒരു വിധത്തില്‍ നിയന്ത്രിച്ച് വാതില്‍ തുറന്നു.

എന്റെയും അനിയന്റേയും പൊട്ടിച്ചിരികളും ബിന്ദുവിന്റെയും ബിജിയുടെയും വായും പൊളിച്ചുള്ള ആ നില്‍പ്പും ശബ്ദം കേട്ട് ഓടിവന്ന കുട്ടികളുടെ അമ്പരന്നുള്ള നില്‍പ്പും കാണാന്‍ നല്ല രസമുണ്ടായിരുന്നു.

അരുണ്‍ ഓടിയെത്തി കയ്യില്‍ തൂങ്ങി. കിച്ചു അല്പം മടിച്ചുനിന്നിട്ട് ഓടിവന്നു. അവരെ രണ്ടുപേരേയും എടുത്ത് ഓമനിക്കുമ്പോള്‍ എന്റെയും ബിന്ദുവിന്റേയും കണ്ണുകള്‍ അശ്രുപൂരിതങ്ങളായിരുന്നു.

നാട്ടിലെ പത്ത് ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. കുട്ടികള്‍ക്കിഷ്ടപ്പെട്ട സൈക്കിളുകള്‍, മറ്റ് കളിപ്പാട്ടങ്ങള്‍, പുത്തനുടുപ്പുകള്‍, യാത്രകള്‍ ഇവയ്ക്ക് ശേഷം ജാനുവരി 16-ന് രാത്രി ഞാന്‍ അവിടെ നിന്നും തിരിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും 8 മണിക്കുള്ള ഫ്ലൈറ്റില്‍ മുംബൈ കൂടി ഡല്‍ഹിയില്‍ വൈകുന്നേരം 3.30 ന് തിരിച്ചെത്തി.

“ഹലോ.. കിച്ചുക്കുട്ടാ സുഖമാണോ?..” ഞാന്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെ വീട്ടിലേക്കു വിളിച്ചു.

“സുഖമാണപ്പേ... അപ്പ പെട്ടെന്ന് വാ അപ്പേ..” അവന്റെ പതിവ് പല്ലവികല്‍ വീണ്ടും കാതില്‍ മുഴങ്ങുമ്പോള്‍ ഉടനെ തന്നെ ഒരു സര്‍പ്രൈസ് വിസിറ്റുകൂടി നാട്ടിലേക്കു നടത്തിയാലോ എന്നു മനസ്സു വീണ്ടും പറഞ്ഞു.
Posted by മഴത്തുള്ളി at 2:48 AM



23 comments:
മഴത്തുള്ളി said...
ഒരു നിമിഷം. എന്റെ കാല്‍ താഴെക്കിടന്ന ഒരു കളിപ്പാട്ടത്തില്‍ തട്ടി അതില്‍ നിന്നും വലിയ ഒരു ശബ്ദം ഉയര്‍ന്നു. ക്ര്‌ര്‍‌ര്‍‌ര്‍....ഇതു കേട്ടതും പട്ടി ചാടിയെണീറ്റ് കുരക്കാന്‍ തുടങ്ങി.

ഇതു പോസ്റ്റ് ചെയ്യാന്‍ വല്ലാത്ത മടിയായിരുന്നു. ഒരു മാസത്തിനു ശേഷം രണ്ടും കല്പിച്ച് പോസ്റ്റ് ചെയ്യുന്നു :(

നാട്ടിലേക്കൊരു സര്‍പ്രൈസ് വിസിറ്റ് :)

February 21, 2007 12:00 AM
കുട്ടന്മേനോന്‍ | KM said...
അതു കലക്കി.
ഇതു കേട്ടതും പട്ടി ചാടിയെണീറ്റ് കുരക്കാന്‍ തുടങ്ങി. കഷ്ടം, ഇതിനൊന്നും ഉറക്കവുമില്ലേ എന്നു ചിന്തിച്ചുകൊണ്ട് അടുത്തു കണ്ട വാഴയുടെ നിഴലിലേക്ക് പെട്ടെന്ന് മാറി. ഭാഗ്യം. പട്ടി കൂട്ടിലാണ്. ഇന്ന് അതിനെ അഴിച്ചുവിട്ടിട്ടില്ല.
വരവേല്പ് സ്റ്റൈല്‍ അല്ലേ..

February 21, 2007 12:13 AM
ഇളംതെന്നല്‍.... said...
മാത്യൂചായാ കലക്കി... അടി കിട്ടാഞ്ഞത് ഭാഗ്യം...

February 21, 2007 1:59 AM
ശാലിനി said...
കുറച്ചുനാള്‍ അകന്നുനിന്നതുകൊണ്ട്, ആ സര്‍പ്രൈസ് വിസിറ്റിന്റെ മുഴുവന്‍ രസവും ആസ്വദിച്ച് വായിച്ചു. ഇനിയും നടത്തണം ഇതുപോലെയുള്ള യാത്രകള്‍.

February 21, 2007 2:07 AM
ittimalu said...
:)

February 21, 2007 2:15 AM
ഇത്തിരിവെട്ടം© said...
മഴത്തുള്ളീ നല്ല വിവരണം. ഞാനും ഈ വെക്കേഷനില്‍ ഇങ്ങനെ പ്ലാനിട്ടിരുന്നു. പക്ഷേ ഞാനറിയാതെ അത് എല്ലാവരും അറിഞ്ഞു. അത് മറ്റൊരു കഥ.

February 21, 2007 4:02 AM
ഏറനാടന്‍ said...
ഗൊള്ളാലോ മാത്യൂച്ചായാ..
ഇങ്ങനെയൊരു വിസിറ്റ്‌ പ്രവാസിയായ ഞാനുമൊന്ന് പരീക്ഷിച്ചാലോന്ന് ഒരു ചിന്ത വന്നു ഇത്‌ വായിച്ചപ്പോള്‍..

ഭാഗ്യം ആ പട്ടിയെ കെട്ടിയിട്ടത്‌, ഇല്ലേല്‍.. ഹോ.. ആലോചിക്കാന്‍ വയ്യ!

ഇടവേളകളില്ലാതെ പോസ്‌റ്റിടാന്‍ ശ്രമിക്കണേ..

February 21, 2007 4:12 AM
ഇക്കാസ് ::ikkaas said...
സര്‍പ്രൈസ് വിസിറ്റ് കിടിലം തന്നെ മഴത്തുള്ളീ!
വീട് ഉടുമ്പന്നൂരാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം. കരിമണ്ണൂരുള്ള ബിവറേജസ് ഷോപ്പ്, ചീനിക്കുഴി ഷാപ്പിലെ കാശിനു കൊള്ളാത്ത കള്ള്, ബൌണ്ടറിയില്‍ ബേബിച്ചേട്ടന്റെ വീട്ടിലെ റമ്മികളി, പിന്നെ ഉപ്പുകുന്നു - പാറമട വഴി ബുള്ളറ്റില്‍ ചെറുതോണിക്കുള്ള യാത്ര!! ഇത്രയും ഓര്‍മ്മകളാണ് മഴത്തുള്ളി ആ സ്ഥലപ്പേരു കൊണ്ടെനിക്ക് മടക്കിത്തന്നത്. ആ.. പിന്നെ ഇല്യാസു വൈദ്യന്‍, പിന്നൊരു വിഷ വൈദ്യനുണ്ട്, പേരോര്‍ക്കുന്നില്ല! എന്തായാലും നീണ്ട അവധി വല്ലതും കിട്ടി നാട്ടില്‍ വരുകയാണെങ്കില്‍ എന്നെയും ഒന്നറിയിക്കൂ.. ഓര്‍മ്മകളയവിറക്കാന്‍ ഞാനും കൂടാം. :)

February 21, 2007 4:42 AM
ചക്കര said...
:)

February 21, 2007 9:12 AM
ദിവ (d.s.) said...
ഹ ഹ മാത്തുക്കുട്ടിച്ചായാ നല്ല രസമായി പറഞ്ഞിരിക്കുന്നു :)

ഇതുപോലൊരു -- വിസിറ്റ് നടത്തണമെന്ന് ഞാനും പലതവണ ആഗ്രഹിച്ചിട്ടുണ്ട്. മൂന്നുവര്ഷം കൂടുമ്പോള്‍ നാട്ടില്‍ പോകുന്നവര്ക്ക് അതൊക്കെ എങ്ങനെ സാധിക്കാന്‍ :)

ചേട്ടാനിയന്മാരെല്ലാം അഭ്യാസം പഠിച്ചവരായ സ്ഥിതിയ്ക്ക് ഇനി ആ വഴിയ്ക്ക് വരുമ്പോള്‍ സൂക്ഷിക്കണമല്ലോ. :-)

February 21, 2007 10:58 AM
മഴത്തുള്ളി said...
സര്‍പ്രൈസ് വിസിറ്റ് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ഞാന്‍ ഇത്തരം (വീണ്ടും ചില) “വീട്ടുകാര്യങ്ങള്‍“ എഴുതണോ എന്നാദ്യമാലോചിച്ചിരുന്നെങ്കിലും ഒന്നു രണ്ടു സുഹൃത്തുക്കളോട് നാട്ടില്‍ പോയ കഥ പറഞ്ഞപ്പോള്‍ അവര്‍ അതൊരു പോസ്റ്റ് ആക്കാന്‍ പറഞ്ഞു. അതിനാല്‍ മടിച്ചു മടിച്ചാണെങ്കിലും പോസ്റ്റ് ചെയ്തു.

കുട്ടന്മേന്നേ, :) (ഹെയ്, ഞാന്‍ ഒന്നും പറയുന്നില്ല, ചുമ്മാ..)

ഇളംതെന്നല്‍, തീര്‍ച്ചയായും അവന്‍ അത്ര സ്പീഡിലാണ് എന്റെ അടുത്തെത്തി മുഖത്തേക്ക് ലൈറ്റ് അടിച്ചത്. രക്ഷപ്പെട്ടു, ഭാഗ്യം തന്നെ :)

ശാലിനി, കല്യാണത്തിനു മുന്‍പ് ഒന്നുരണ്ടു പ്രാവശ്യം ഇത്തരം വിസിറ്റുകള്‍ നടത്തിയിട്ടുണ്ട്. ഒരിക്കല്‍ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ എത്തിയിട്ട് വണ്ടി കൊണ്ടുവരാനായി അങ്ങോട്ട് വിളിച്ചു. അവര്‍ ഞാന്‍ ഇവിടെയാണെന്ന് പറഞ്ഞിട്ട് സമ്മതിച്ചുമില്ല വണ്ടിയും കൊണ്ടുവന്നില്ല. :)

ഇട്ടിമാളൂ, :) എന്തിനാ ചിരിക്കുന്നത്?

ഇത്തിരിവെട്ടം, താങ്കളുടെ അവസ്ഥ എനിക്കു മനസ്സിലായി. ആ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

ഏറനാടാ, പരീക്ഷിച്ചുനോക്കൂ. പിന്നെ അടികിട്ടിയാല്‍ എന്നെ പറയരുത് ;) പോസ്റ്റ് ഇനി പബ്ലിഷ് ചെയ്യാന്‍ ഒരെണ്ണമുണ്ട്. 6 മാസമായി എഴുതിവച്ചിട്ട് ;)

ഇക്കാസേ, അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. ഇതില്‍ ബേബിച്ചേട്ടന്റെ വീടും ആ വിഷവൈദ്യനുമൊഴിച്ച് എല്ലാക്കാര്യങ്ങളും അറിയാം ;) കഴിഞ്ഞ തവണ കൊച്ചിയിലെത്തിയപ്പോള്‍‍ നാട്ടിലുള്ള നിങ്ങളെയെല്ലാം (ഇക്കാസ്, കുമാര്‍, പച്ചാളം) ഓര്‍ത്തിരുന്നു. നാട്ടില്‍ വരുമ്പോള്‍ അറിയിക്കാം. പട്ടേരി സ്റ്റൈലില്‍ വരണോ :)

ചക്കരേ :) എന്താ ചിരിക്കുന്നത്?

ദിവാ, ഇതൊക്കെയല്ലേ ഒരു രസം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍. പിന്നെ ആ വഴിക്ക് ധൈര്യമായി പോരെന്നേ.. എന്നെ അറിയിക്കണം നാട്ടിലെത്തുമ്പോള്‍.

February 21, 2007 8:51 PM
അപ്പു said...
:-) അനിയന്റെ കൈയ്യില്‍നിന്ന് തല്ലുകൊണ്ടില്ലല്ലോ.. ആശ്വാസം.

February 21, 2007 9:04 PM
ബിജോയ്‌ മോഹന്‍ | Bijoy Mohan said...
അവരുടെ വാതിലില്‍ മുട്ട് ശക്തിയായതു കൂടാതെ അനിയനോട് ബിജിയുടെ “ഒരു ഉലക്ക കൊണ്ടുവരട്ടേ” എന്ന ചോദ്യവും കേട്ട ഞാന്‍ ഇനിയും ഇങ്ങിനെയിരുന്നാല്‍ അത് പന്തിയല്ലെന്ന് കണ്ട് പൊട്ടിവന്ന ചിരിയെ ഒരു വിധത്തില്‍ നിയന്ത്രിച്ച് വാതില്‍ തുറന്നു.
...വടക്കുനോക്കിയെന്ത്രത്തിലെ ശ്രീനിവാസനെയാണെനിക്ക് ഇപ്പോള്‍ ഓര്‍മ്മ വന്നത്..... ഒലക്കകൊണ്ടെങ്ങാനും ആ അടികിട്ടിയാല്‍ എന്തായിരുന്നു സ്ഥിതി... അതും കരാട്ടെ പടിച്ച അനിയനും... എല്ലാവരും കൂടി ഒരു സവാരി ഗിരി ഗിരി നടത്തിയേനെ.....

അടുത്ത പ്രാവശ്യം കരോള്‍ബാഗില്‍ നിന്നും ഒരു ഹെല്‍മറ്റുകൂടി വാങ്ങീ ബാഗില്‍ കരുതുന്നത് നന്നായിരിക്കും... സ്വന്തം തലയെങ്കിലും രക്ഷിക്കാമല്ലോ....

February 22, 2007 12:32 AM
kaithamullu - കൈതമുള്ള് said...
:)

February 22, 2007 12:51 AM
ഇടിവാള്‍ said...
കൊള്ളാം മാഷേ... രസിച്ചു വായിച്ചു, അല്പം ഉഗ്വേദത്തോടെ തന്നെ

വരവേല്‍പ്പില്‍ ഇതു പോലൊരു സീനുണ്ട്.. വൈകി വന്ന ലാലിനെ പട്ടിയോടിച്ച് തെങ്ങേല്‍ക്കയറ്റുന്നത് ;)

February 22, 2007 12:56 AM
സുഗതരാജ് പലേരി said...
nannaayi rasichu. :-)

February 22, 2007 1:16 AM
മഴത്തുള്ളി said...
അപ്പു, അതെ, രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ :)അവന്റെ സ്പീഡിലുള്ള ആ വരവ് ഭയങ്കരമായിരുന്നു.

ബിജോയ്, ഹഹ, ശരിയാ ഇനി പോകുമ്പോള്‍ അത് വേണ്ടിവരും എന്നാ തോന്നുന്നത് :)

കൈതമുള്ളെ, വായിച്ചിട്ട് ചിരിവരുന്നു അല്ലേ :)

ഇടിവാള്‍ മാഷേ, ഭാഗ്യത്തിന് അങ്ങനെ ഓടേണ്ടി വന്നില്ല :)

സുഗതരാജേ, സന്തോഷം. പിന്നെ എന്തെങ്കിലുമൊക്കെ പോസ്റ്റ് ചെയ്യൂ.

February 22, 2007 3:46 AM
സുല്‍ | Sul said...
തുള്ളീ ഇതു കലക്കിലോ ഗഡീ.

തുള്ളിക്കിത്രെം ബുദ്ധീം ഇത്രെം മക്കളുമുണ്ടെന്നിപ്പൊഴാ അറിയുന്നേ.

-സുല്‍

February 22, 2007 3:48 AM
മഴത്തുള്ളി said...
ഹഹ എന്തെല്ലാം ഇനിയും അറിയാനിരിക്കുന്നു എന്റെ സുല്ലേ. :)

February 22, 2007 3:59 AM
Siju | സിജു said...
കൂടെ വന്നതു പോലെ തോന്നി :-)

February 23, 2007 2:17 AM
പടിപ്പുര said...
സത്യം പറയ്‌, അനിയന്റെ ഒരു അടി കൊണ്ടില്ലേ?

എനിക്കീ സര്‍പ്രൈസ്‌ പരിപാടി തീരെ നടക്കില്ല. ലീവ്‌ കിട്ടാന്‍ സാദ്ധ്യത കാണും മുന്‍പ്‌ തന്നെ ഞാന്‍ വീട്ടില്‍ വിളിച്ചു പറയും.
(പിന്നെ അതൊരു പാരയാവും. ലീവ്‌ കിട്ടിയോ, കിട്ടില്ലേ, കിട്ടുന്നതല്ലേ നല്ലത്‌, കിട്ടാതിരിക്കുമോ എന്നിങ്ങനെയാവും കുറെ ദിവസത്തേയ്ക്ക്‌ പല്ലവി!)

February 23, 2007 2:37 AM
babu said...
Hi, its very fantastic. Your way of expression is appreciatable.

My weekly visits from Chandigarh to Delhi are also like that. But since there is no back door entries in Delhi house, it is not possible to visit in surprise way.

Good. Your nature is almost as same as me.

February 25, 2007 9:12 PM
മഴത്തുള്ളി said...
സിജു, കൂടെ വന്നതുപോലെ തോന്നി എന്നെഴുതി, സന്തോഷം. പക്ഷെ കൂടെ വന്നിട്ട് അടികിട്ടിയാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു ;)

പടിപ്പുരേ, ഹഹഹ.. പിന്നെ ഇതൊക്കെ ഒരു രസമല്ലേ.

ബാബു, വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.

4 comments:

ലിഡിയ said...

ഇതിത്തിരി കടന്ന കൈയ്യായി പോയീന്നെ എനിക്ക് പറയാനുള്ളൂ.

:)

-പാര്‍വതി.

Sathees Makkoth | Asha Revamma said...

മറക്കാനാവാത്ത ഒരു അനുഭവം അല്ലേ?
ഉലക്കയ്ക്ക് അടികിട്ടാതിരുന്നത് ഭാഗ്യം!
ഹൈദെരാബാദ് വഴി വന്നിട്ടും കാണാന്‍ പറ്റിയില്ലല്ലോ?

മഴത്തുള്ളി said...

പാര്‍വതീ,

ഇതെന്താ കടന്ന കൈയായെന്നു പറഞ്ഞത്? ഇതൊക്കെ ഒരു രസമല്ലേ. ജീവിതത്തില്‍ ഓര്‍ത്തുവെക്കാന്‍ ചില നിമിഷങ്ങള്‍ :)

സതീശ്, അതെ ഉലക്കയൊക്കെ ആരു തപ്പാന്‍ അപ്പോള്‍, ചുമ്മാ എന്നെ പേടിപ്പിച്ചതല്ലേ :) ഹി ഹി. ഹൈദ്രാബാദില്‍ ഞാന്‍ അതിന് ഇറങ്ങിയേയില്ലല്ലോ. എന്നെങ്കിലും നാട്ടില്‍ വച്ച് നമുക്ക് കാണാം.

Shaf said...

അച്ചായാ,,
ഇപ്പോഴാ കാണുന്നത്..
വല്ലാത്തോരു അനുഭവമായിരിക്കുമല്ലെ അത് ..
ഒരു സര്‍പ്രൈസ് വിസിറ്റ് ഞാനും വിചാരിച്ചിരുന്നു..
അത് എളുപ്പമല്ല പോകുമ്പോള്‍ നാട്ടുകാരോടെങ്കിലും പറയണ്ടെ,,പറഞാല്‍ പിന്നെ അതറിയാനാണോ പണി..