Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Saturday, July 21, 2007

കള്ളുകറിയ

കറിയാച്ചേട്ടന്റെ പുലരികള്‍ ആരംഭിക്കുന്നതു തന്നെ ഒരു മാട്ടം നിറയെ പുലരിക്കള്ള് മോന്തിക്കൊണ്ടാണ്. അതും മറ്റാരും കൊണ്ടുവന്നു കൊടുക്കുന്നതല്ല. അക്കാര്യത്തില്‍ കറിയാച്ചേട്ടനു നിര്‍ബന്ധവുമുണ്ട്. തന്റെ സ്വന്തം പുരയിടത്തിലെ തെങ്ങോ പനയോ സ്വന്തം ചെത്തുകത്തികൊണ്ട് സ്വയം ചെത്തിയുണ്ടാക്കുന്ന കള്ളുമാത്രമേ കുടിക്കൂ. നേരം വെളുക്കുന്നതിനു മുമ്പേ ചെത്തുകത്തിയും തേച്ചുമിനുക്കി ഏതെങ്കിലും തെങ്ങിലോ പനയിലോ കയറി മാട്ടമിറക്കും. അതു കുടുകുടാ പാനം ചെയ്യും. ഒന്നുരണ്ടു മാട്ടം കള്ള് അകത്തുചെന്നാല്‍ പിന്നെ കറിയാച്ചേട്ടന്‍ കലാശക്കൊട്ട് തുടങ്ങുകയായി. ഇങ്ങനെയാണ് നാട്ടുകാര്‍ കറിയാച്ചേട്ടനെ ‘കള്ളുകറിയ’ എന്ന അഭിസംബോധന ചെയ്യാന്‍ ആരംഭിച്ചത്.

കറിയാച്ചേട്ടന്റെ പ്രേമഭാജനമാണ് അന്നമ്മച്ചേടത്തി. അവര്‍ക്ക് മക്കളില്ല. രണ്ടുപേരും ഒന്നിച്ചിരുന്നാണ് പലപ്പോഴും മദ്യസേവ.

കറിയാച്ചേട്ടന്റെ ആരോഗ്യരഹസ്യം കള്ളാണെന്നാണ് പരക്കെയുള്ള അഭിപ്രായം. നൂറു കിലോ നെല്ലുചാക്കു തലയില്‍ വെച്ചു കൊടുത്താല്‍ അത് നൂറു കിലോ പഞ്ഞി കൊണ്ടുപോവുന്ന ലാഘവത്തോടെ എത്തേണ്ട സ്ഥലത്ത് എത്തിക്കുമെന്നാണ് പൊതുജനസംസാരം. എന്നാല്‍ അത്തരം അവസരങ്ങള്‍ ഒരിക്കലുമുണ്ടാവാറില്ല. കാരണം പകലന്തിയോളം ആരോഗ്യം പരിരക്ഷിക്കാന്‍ പാടുപെടുന്ന കറിയാച്ചേട്ടന്‍ നാലുകാലില്‍ നിന്നുകൊണ്ട് എങ്ങിനെ ഒരു ചാക്കുകെട്ട് തലയില്‍ കയറ്റും? അഥവാ ആരെങ്കിലും തലയില്‍ എങ്ങിനെയെങ്കിലും വെച്ചുകൊടുത്താല്‍ എങ്ങിനെ മുന്നോട്ടു നീങ്ങും.

കറിയാച്ചേട്ടന്റെ ബദ്ധശത്രുവാണ് കാട്ടുപന്നി. അതിനു കാരണവുമുണ്ട്. അന്തിമയങ്ങുന്നാതോടെ തന്റെ നാടന്‍ തോക്കും ഹെഡ്‌ലൈറ്റുമായി കറിയാച്ചേട്ടന്‍ കാട്ടിലേക്കിറങ്ങും. വഴിയില്‍ തന്റെ മുന്‍പില്‍ വന്നുപെടുന്ന കാട്ടുമൃഗങ്ങളെ നിര്‍ദ്ദാക്ഷണ്യം വെടിവെച്ചു വീ‍ഴ്ത്തും. അതില്‍ നല്ലൊരു പങ്കും നാട്ടുകാര്‍ക്കു കൊടുക്കും. അങ്ങനെയാണ് നാട്ടുകാര്‍ കറീയാച്ചേട്ടന്റെ പേര് ഒന്നു കൂ‍ടിയിട്ടത്. “പന്നിക്കറിയ”. തനിക്ക് ഈ ഇരട്ടപ്പേര് വീഴാന്‍ കാരണക്കാരായ കാട്ടുപന്നികളെ ഒന്നിനെയും അതിനാല്‍ കറിയാച്ചെട്ടന്‍ വെറുതെ വിടാറില്ല. മാത്രമല്ല തന്നെ പന്നിക്കറിയ എന്നാരെങ്കിലും വിളിക്കുന്നുണ്ടെന്ന് മനസ്സിലായാല്‍ അവര്‍ക്ക് അതിനുശേഷം പന്നിയിറച്ചി കൊടുക്കാറുമില്ല. ചുരുക്കിപ്പറ്ഞ്ഞാല്‍ കള്ളും കാട്ടുപന്നിയിറച്ചിയും കാജാബീഡിയും കറിയാച്ചേട്ടന് ഹരമാണ്.

കറിയാച്ചേട്ടന്റെ മറ്റൊരു ദുശ്ശീലം ഇടക്കിടെയുള്ള പുകവലിയാണ്. ദിവസം അന്‍പത് ബീഡി വലിക്കുന്നതൊരു ദുശ്ശീലമല്ലെന്ന പക്ഷകാരനാണ് കറിയാച്ചേട്ടന്‍. ആരെങ്കിലും കറിയാച്ചേട്ടന്റെ മുന്‍പിലെ പുകപടലം ഒന്നടങ്ങുമ്പോള്‍ ചോദിക്കും :

“അല്ല കറിയാച്ചേട്ടാ, ഈ ബീഡിയൊക്കെ വലിക്കുന്നത് നല്ലതാണോ?”

അതിന് മറുപടിയും പെട്ടെന്നാണ്. “എടാ മക്കളേ, നിങ്ങള്‍ പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു കേട്ടിട്ടില്ലേ? എന്നു വെച്ചാല്‍ പുകവലി ആരോഗ്യത്തിനു നല്ലതിനെന്നാ, മനസ്സിലായോടാ?”

“അപ്പോള്‍ ഹാനികരം എന്ന് പറഞ്ഞാലെന്താ ചേട്ടാ?”

“എടാ, കരം എന്നാലെന്താടാ?”

“കരം എന്നാല്‍ കയ്യ്.”

“അതായത് ബീഡി വലിക്കുമ്പോള്‍ കയ്യ് പൊള്ളരുതെന്ന്, വലിച്ച് വിരലിനടുത്ത് തീയെത്തുന്നതിനു മുന്‍പ് കളയുക, അപ്പോള്‍ കരത്തിനു അത് ഹാനിയല്ല, അതന്നെ.”

കറിയാച്ചേട്ടന്‍ ഒരു ബീഡി കെടുന്നതിനു മുന്‍പ് അതില്‍ നിന്നും അടുത്ത ബീഡിയും കത്തിച്ചുകൊണ്ട് പറയും. അതിനു പറയാനൊരു ന്യായവുമുണ്ട്. തീപ്പെട്ടി വാങ്ങേണ്ടല്ലോ. അങ്ങനെ പൈസയും ലാഭം.

കറിയാച്ചേട്ടന് കാട്ടുപന്നിയെ പിടിക്കാന്‍ മറ്റു ചില വിദ്യകളുമുണ്ട്. അതിലൊന്ന് കാടിന്റെ അതിര്‍ത്തിയില്‍ വലിയ കുഴികള്‍ തീര്‍ക്കുകയെന്നതാണ്. നാടന്‍ തോക്കു കൂടാതെ മറ്റൊരു തരം തോക്കുമുണ്ട്. അതിന്റെ കാഞ്ചി പന്നി നടക്കുന്ന വഴിത്താരയില്‍ ഒരു കാട്ടുചെടിയുമായി ബന്ധിച്ചിരിക്കും. പന്നി അതു വഴിയേ പോകുമ്പോള്‍ കാട്ടുചെടി വലിയുകയും കാഞ്ചി വലിഞ്ഞ് വെടിയുണ്ട പന്നിയുടെ തലയില്‍ത്തന്നെ കയറുകയും ചെയ്യും.

ഒരു വെള്ളിയാഴ്ച ദിവസം. മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോഴാണ് കറിയാച്ചേട്ടന് കാട്ടിലേക്കൊന്നു പോയാല്‍ കൊള്ളാമെന്ന് തോന്നിയത്. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അത് പ്രവര്‍ത്തിക്കാതെ ഇരിക്കുന്നത് കറിയാച്ചേട്ടനിഷ്ടമല്ല. നാടന്‍ തോക്കില്‍ പന്നിയെത്തന്നെ വെടിവെക്കാനുള്ള നിറയുമായി ലൈറ്റുമെടുത്തുകൊണ്ട് അയാള്‍ ചാടിയിറങ്ങി.

അപ്പോള്‍ നന്നായി ഇരുട്ടു വ്യാപിക്കാത്തതിനാല്‍ ലൈറ്റ് തെളിക്കാതെ തന്നെ വനത്തിലൂടെ അയാള്‍ റോഡും പിന്നിട്ട് ഒട്ടധികദൂരം ഉള്ളിലേക്കു കയറി. അന്നൊരു അമാവാസി ദിനവുമായിരുന്നതിനാല്‍ ഉള്ളിലേക്ക് കയറും തോറും ഇരുട്ടിന്റെ കട്ടി കൂടിക്കൂടി വന്നു. കാട്ടിലൂടെ വളരെ ദൂരം പിന്നിട്ട കറിയാച്ചേട്ടന്‍ തന്റെ മുന്‍പില്‍ ഒരു ശബ്ദം കേട്ടതും പെട്ടെന്ന് ഹെഡ്‌ലൈറ്റ് തെളിച്ചു. അതിസൂക്ഷ്മമായ നിരീക്ഷണത്തിനൊടുവിലാണ് ആ ശബ്ദത്തിന്റെ ഉറവിടം ഒരു ഗുഹാകവാടമാണെന്ന് കറിയാച്ചേട്ടന് മനസ്സിലായത്. കാട്ടുപന്നിയായിരിക്കുമോ, അതോ വല്ല പാമ്പും? അകത്തുനിന്നും എന്തോ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കറിയാച്ചേട്ടന്‍ തോക്ക് ഗുഹാകവാടത്തിലേക്ക് ചൂണ്ടി എന്തിനും തയ്യാറായി നിന്നു.

“എന്റെ പുണ്യാളച്ചോ, ഒരു കാട്ടുപന്നിയെ കിട്ടിയാല്‍ ഞാന്‍ അന്‍പത് പൈസ ഇട്ടോളാമേ......” നല്ല പന്നിയിറച്ചിക്കഷണങ്ങള്‍ കള്ളിനോടൊപ്പം തെരുതെരെ വയറ്റിലേക്ക് ഒഴുകിനീങ്ങുന്നത് സ്വപ്നം കണ്ട് വായില്‍ വന്ന ഉമിനീര്‍ തുപ്പിക്കൊണ്ട് കറിയാ കാറി.

“പുറത്തിറങ്ങെടാ പന്നീന്റെ മോനേ.., ഇന്നു നിന്റെ അന്ത്യമാടാ...”

ഒരു കുന്നു കരിയിലകള്‍ കൂട്ടിവച്ച് കറിയാ ഗുഹാകവാടം തീയിട്ട് പുകച്ചു. അങ്ങിനെ കത്തിക്കുമ്പോള്‍ കള്ളരിച്ചുകുടിക്കാന്‍ താനുപയോ‍ഗിക്കുന്ന കപ്പടാമീശയുടെ കുറെ ഭാഗം കത്തിയെരിഞ്ഞത് കള്ളുകറിയാ അറിഞ്ഞതേയില്ല. അഥവാ കരിഞ്ഞ മണം വന്നെങ്കില്‍ തന്നെ അത് കറിയാ അത്ര കാര്യമാക്കിയതുമില്ല.

“ഭും......” ഗുഹയില്‍ നിന്നും അപ്രതീക്ഷിതമായാണ് ഒരു കറുത്ത നിഴല്‍ കത്തിത്തുടങ്ങിയ കരിയിലകള്‍ ചിതറിത്തെറുപ്പിച്ച് പുറത്തേക്ക് ചാടിയത്.

“ഠേ......................” കാടുവിറപ്പിക്കുന്ന ഒരു വെടിയൊച്ചയോടൊപ്പം കറിയാച്ചേട്ടന്റെ ഹെഡ്‌ലൈറ്റ് ഒരു മരത്തിന്റെ ചില്ലയില്‍ത്തട്ടി ദൂരേക്ക് തെറിച്ച് പോയി അണഞ്ഞു.

വെളിച്ചം പോയാല്‍ പോകട്ടെ, ഒരൊന്നാന്തരം പന്നിയെ കിട്ടിയല്ലോ. കള്ളടിച്ച് വാറായിരുന്ന കറിയാക്ക് ഇരുട്ടെവിടെ ഭയം. ഒറ്റച്ചാട്ടത്തിന് മുന്‍പില്‍ പിടഞ്ഞുകൊണ്ടിരുന്ന പന്നിയെ കറിയാ കാലില്‍ പിടിച്ച് വലിച്ചുപൊക്കി.

‘ഹും, ഇന്ന് കുശാലായി.” തെല്ലുറക്കെപ്പറഞ്ഞുകൊണ്ട് ഒരുകൈകൊണ്ട് പന്നിയുടെ കാലില്‍ പിടിച്ച് വലിച്ചും മറുകയ്യില്‍ തോക്കുമായി ദിക്കറിയാതെ ആ കൂരിരുട്ടില്‍ കറിയാ യാത്രയാരംഭിച്ചു.

കറിയാച്ചേട്ടന്റെ കഷ്ടകാലത്തിന് കാലിലിട്ടിരുന്ന ചെരുപ്പും വെപ്രാളത്തിനിടയില്‍ നഷ്ടമായിരുന്നു. മുള്ളിന്‍‌കൂട്ടങ്ങളും ചൂരല്‍ക്കാടുകളും ചൊറിയണങ്ങളുമൊക്കെ കറിയാച്ചേട്ടനെ പരമാവധി തൊട്ടുതലോടിക്കൊണ്ടിരുന്നു. മാത്രമല്ല ‘ഠ’ വട്ടത്തില്‍ പല വട്ടം കറങ്ങിയിട്ടും കറിയാച്ചേട്ടനു തോന്നിയത് താന്‍ നേര്‍വഴിക്ക് നടക്കുകയാണെന്നായിരുന്നുതാനും.

എങ്ങിനെയോ നേരം പുലരുന്നതിന് മുന്‍പ് തന്നെ ‘ഠ’യില്‍ നിന്നും പുറത്തുകടന്ന കറിയാ റോഡിലെത്തി. പിന്നെ അതിശീഘ്രം തന്റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു. അതിനിടയില്‍ തന്റെ രക്തം വാര്‍ന്നൊഴുകുന്ന കാലുകളെ അയാള്‍ പാടെ അവഗണിച്ചു. കറിയാച്ചേട്ടന്റെ മനസ്സില്‍ രണ്ടേ രണ്ടു ചിന്തകള്‍ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. ‘പന്നിക്കറിയും പനങ്കള്ളും’ !

“എടീ അന്നാമ്മേ......” ഇങ്ങെണീറ്റേടീ, ആ ചാക്കോച്ചനേം, വറീതിനേം, തോമായേയുമൊക്കെ വിളിക്കെടീ. ഒരു മുട്ടന്‍ കാട്ടുപന്നിയെ കിട്ടീടീ. ഞാനതിനെ ഇവിടം വരെ വലിച്ചുകൊണ്ടാ വന്നിരിക്കുന്നത്. നല്ല കനമുള്ള ഒരു വല്യ പന്നിയാടീ..”

“എവിടെ മനുഷ്യേനേ ഞാനൊന്നു കാണട്ടെ..” വിളക്ക് കത്തിക്കുമ്പോള്‍ അന്നാമ്മച്ചേടത്തിക്ക് അതിനെ ഒന്നു കാണാന്‍ ധൃതിയായി.

“എടീ ആ കള്ളിന്റെ കലമിങ്ങെട്, ഞാന്‍ പോയി മൂന്നാലു മാട്ടമിറക്കട്ടെ. നീ ചെന്നാദ്യം അവരെ വിളി.”

തെങ്ങിന്റെ മണ്ടയിലിരുന്നു തന്നെ ഒരു മാട്ടം വയറ്റിനുള്ളിലാക്കിയിട്ട് മൂന്നെണ്ണം കയ്യിലുമായി മുറ്റത്തെത്തിയപ്പോഴേക്കും അയല്‍ക്കാരേയും വിളിച്ച് അന്നാമ്മച്ചേടത്തിയും മുറ്റത്തെത്തിയിരുന്നു. നേരം വെളുത്തുതുടങ്ങിയിരുന്നു.

“അല്ലാ.. ഇതാണോ കാട്ടുപന്നി?” ചാക്കോച്ചന്റെ ശബ്ദം തെല്ലുച്ചത്തിലായിരുന്നു. നേരം പരപരാ വെളുക്കാന്‍ തുടങ്ങിയതിനാല്‍ ചാരനിറമാര്‍ന്ന സമൃദ്ധമായ രോമങ്ങളുള്ള രക്തവും ചെളിയും നിറഞ്ഞ തടിച്ച വാലുള്ള ആ ജീവിയെ കണ്ടതും എല്ലാവരും ഒന്നു ഞെട്ടി.

“എന്താ, കാട്ടുപന്നിയെ വീഴ്ത്തിയോ?” അയല്‍ക്കാരെല്ലാം നൊടിയിടക്കുള്ളില്‍ കറിയാച്ചന്റെ വീട്ടുമുറ്റത്ത് തടിച്ചുകൂടി.

“കര്‍ത്താവേ, ഇതെന്തുമറിമായം. ഞാന്‍ പന്നിയെ ആയിരുന്നല്ലോ വെടിവെച്ചിട്ടത്. ഇതെങ്ങനെ കുറുക്കനായി?” പുറത്തേക്കുന്തിയ കണ്ണുകളുമായി കറിയാ താടിക്ക് കയ്യും കൊടുത്ത് വടക്കോട്ട് നോക്കി ഇതികര്‍ത്തവ്യതാ മൂഡനായി കുത്തിയിരുന്നു!

വലിയ ചിരികള്‍ക്കും അട്ടഹാസങ്ങള്‍ക്കുമൊടുവില്‍ കറിയാക്കൊരു മൂന്നാം‌പേര് വീണു.

“കുറുക്കന്‍ കറിയാ.”

Friday, March 9, 2007

പ്രാണനാഥയുടെ പ്രണയഗീതം!

Friday, December 08, 2006

പ്രഭാതം പൊട്ടിവിടര്‍ന്നു. പലതരം പക്ഷികളുടെ കളകൂജനങ്ങള്‍. വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇളകിയാ‍ടുന്ന ബൊഗൈന്‍‌വില്ലകള്‍. മുറ്റത്ത് പാറിപ്പറക്കുന്ന ചിത്രശലഭങ്ങള്‍.

കിഴക്കന്‍ ചക്രവാളത്തില്‍ പ്രഭാതസൂര്യന്റെ ചെങ്കതിരുകള്‍ കണ്ടുതുടങ്ങി. അങ്ങകലെ ദേവാലയങ്ങളില്‍ നിന്നും മണിനാദം മുഴങ്ങി.

“പേപ്പര്‍.. പേപ്പര്‍..” സൈക്കിളില്‍ വന്ന പയ്യന്‍ പേപ്പര്‍ നടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞിട്ടുപോയി.

“ആ..ആ..ആ..” കോട്ടുവായിട്ട് കണ്ണും തിരുമ്മിക്കൊണ്ട് വര്‍ക്കിച്ചേട്ടന്‍ മുറ്റത്തേക്ക് വന്നു. പേപ്പര്‍ എടുത്തു നിവര്‍ത്തി വായന തുടങ്ങി.

“‘കൂട്ട ആത്മഹത്യ, 5 മരണം”. ആദ്യപേജില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ കണ്ട വാര്‍ത്ത വായിച്ചു തുടങ്ങി.

“തൂങ്ങിമരിച്ചു”. അടുത്ത പേജിലെ വലിയ അക്ഷരത്തില്‍ കൊടുത്തിരുന്ന വാ‍ര്‍ത്തയും വര്‍ക്കിച്ചന്‍ പൂര്‍വ്വാധികം നല്ല വോള്യത്തില്‍ തന്നെ വായിച്ചു. “എന്റെ കര്‍ത്താവേ.. ഇപ്പോ 6 ആയി. ഇവര്‍ക്കൊക്കെ ഇതൊരു ഹോബിയാന്നാ തോന്നണേ..”

“ഇതെന്നാ മനുഷ്യേനെ ഈ കൊച്ചുവെളുപ്പാങ്കാലത്ത് മരണക്കണക്ക് തന്നെ വിളിച്ചുകൂവുന്നത്?” കുറ്റിച്ചൂലുമായി മുറ്റത്തേക്ക് വന്ന അന്നമ്മച്ചേടത്തിക്ക് വര്‍ക്കിച്ചേട്ടന്റെ ഉച്ചത്തിലുള്ള വായന ഒട്ടും പിടിച്ചില്ല.

“എടീ അന്നമ്മേ.. നീ എന്റെ കണ്ണടയിങ്ങെടുക്ക്; ചെറിയ അക്ഷരമൊന്നും കാണാമ്പാടില്ലാത്തതുകൊണ്ടല്ലേടീ ഈ വല്യ തലക്കെട്ട് തന്നെ ഞാന്‍ വായിക്കണെ.”

“ഓ.. കണ്ണട തന്നാലും അത് നിറച്ചും മരണവിശേഷങ്ങളല്ലേ നിങ്ങള്‍ക്ക് വായിക്കാനൊള്ളൂ” അന്നമ്മച്ചേടത്തി വിട്ടുകൊടുക്കാന്‍ ഭാവമില്ല.

“രാവിലെ എന്താ രണ്ടുപേരും കൂടി ഉടക്കുന്നത്?” രാവിലെ സൊസൈറ്റിയില്‍ പാലു കൊടുക്കാന്‍ പോകുന്ന വഴി തൊമ്മിച്ചന്‍ അവരോടൊരു ലോഹ്യം ചോദിച്ചു.

“എടാ കണ്ണാ, നീ ഇതുവരെ എണീറ്റില്ലേ.. സൂര്യനുദിച്ചിട്ടും ഇവനിത് പോത്തുപോലെ കിടന്നുറക്കമാണല്ലോ”.. അന്നമ്മച്ചേടത്തി മകനെ വിളിച്ചു

“അമ്മേ.. നേരം വെളുത്തോ?” പത്താംക്ലാസ്സില്‍ പഠിക്കുന്ന മകന്‍ കണ്ണന്‍ മുറിയില്‍ നിന്നും വിളിച്ചുചോദിച്ചു.

“അല്ലെടാ, നേരം വെളുത്തില്ല, ഇതു നിലാവാ.. എന്റെ മോന്‍ ഒന്നുകൂടി ഉറങ്ങിക്കോ” അന്നമ്മച്ചേടത്തിക്ക് കലിയിളകി.

“ഏട്ടാ.. പെട്ടെന്നെണീറ്റൊ.. അല്ലെങ്കില്‍ അമ്മ ഇപ്പോള്‍ വെള്ളം നിറച്ച ബക്കറ്റുമായി വരും” എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അമ്മു ഏട്ടനു താക്കീത് നല്‍കി.

അമ്മുവും കണ്ണനും പെട്ടെന്ന് എണീറ്റ് പ്രഭാതകൃത്യങ്ങളില്‍ മുഴുകി. ഒന്‍പതുമണിക്ക് സ്കൂള്‍ ബസ്സ് വരും. രണ്ടു പേരും ഒരേ സ്കൂളിലാണ് പഠിക്കുന്നത്.

“നിങ്ങള്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും നോക്കി നിന്നോ.. സമയം ആയത് കണ്ടില്ലേ? ബസ്സ് ഇപ്പോള്‍ വരും” അന്നമ്മച്ചേടത്തി വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന പോലെ വായില്‍ വരുന്നതെല്ലാം നിറുത്താതെ പറഞ്ഞുകൊണ്ടിരുന്നു.

“എന്റെ മനുഷ്യാ.. നിങ്ങളുടെ വായന ഇതുവരെ തീര്‍ന്നില്ലെ.. ഇന്നു ജോലിക്കു പോകുന്നില്ലേ?” അന്തം വിട്ട നാരായണന്‍ വണ്ടിവിട്ടപോലെ ഉറക്കെയുറക്കെ വായിച്ചുകൊണ്ടിരുന്ന വര്‍ക്കിച്ചന്‍ തലയുയര്‍ത്തി ക്ലോക്കില്‍ നോക്കി.

“ഉം.. നിന്റെ വോളിയം കണ്ട്രോള്‍ ഒന്ന് കുറക്ക്. അല്ലെങ്കില്‍ ഞങ്ങളെല്ലാവരും ബധിരരാകും.” വര്‍ക്കിച്ചേട്ടനോടൊപ്പം കുട്ടികളും ആര്‍ത്തുചിരിച്ചു.

“ഉം, ദേ അപ്പനും മക്കളും കൂടി എന്നെ എന്തെങ്കിലും പറയിപ്പിച്ചേ അടങ്ങൂ. ദേ മനുഷ്യാ.... പറഞ്ഞില്ലെന്ന് വേണ്ട.” അന്നമ്മച്ചേടത്തി ഉടുത്തിരുന്ന മുണ്ട് എടുത്തുകുത്തി.

“അച്ഛാ അച്ഛാ.. ഇനി നിര്‍ത്തിക്കോ.. സംഗതി അല്ലെങ്കില്‍ പ്രശ്നമാകും” അമ്മു അച്ഛനു മുന്നറിയിപ്പ് നല്‍കി.

കൃത്യം 9 മണിക്ക് തന്നെ എല്ലാവരും ഇറങ്ങി. എന്നാല്‍ അന്നമ്മച്ചേടത്തി അവിടേയുമെത്തി.

“അപ്പനും മക്കളും എന്നും സമയത്തിനിറങ്ങിക്കോളും. പഠിക്കാന്‍ പോണതോ ജോലിക്കു പോണതോ ആവോ? ഇനി എപ്പോഴാണാവോ എല്ലാവരും എഴുന്നള്ളുന്നത്?”

“ഊളമ്പാറ.. ഊളമ്പാറ..” അതിവേഗം വന്ന ഒരു ലൈന്‍ ബസ്സ് അവിടെ നിര്‍ത്തി. അതുകണ്ട കണ്ണനും അമ്മുവും അച്ഛന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവര്‍ മൂവരും ആര്‍ത്തുചിരിച്ചു.

അന്നമ്മച്ചേടത്തിക്കൊന്നും മനസ്സിലായില്ല.

** ** **
ട്രിണീം.. ട്രിണീം.. ഫോണ്‍ ബെല്ലടിച്ചു.

“ഹല്ലോ.. ഹല്ലോ... നിങ്ങളാരാ...” അന്നമ്മച്ചേടത്തിക്ക് ആളെ മനസ്സിലായില്ല.

“ഞാന്‍ വര്‍ക്കിച്ചേട്ടന്റെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നത്. ചേട്ടന് പെട്ടെന്ന് ഒരു തലകറക്കം. സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പരിഭ്രമിക്കാനൊന്നുമില്ല.” അങ്ങേത്തലക്കല്‍ വര്‍ക്കിച്ചേട്ടന്റെ ഓഫീസിലെ സഹപ്രവര്‍ത്തകന്‍ വാറുണ്ണി.

“എന്റെ ദൈവമേ... ചതിച്ചോ?.........” ഉറക്കെ അലമുറയിട്ടുകൊണ്ട് അന്നമ്മച്ചേടത്തി അടുത്ത വീട്ടിലേക്കോടി. അവിടെനിന്നും ഒന്നു രണ്ടു പേരെ കൂട്ടി അവരുടെ സഹായത്തോടെ ആശുപത്രിയിലെത്തി.

വര്‍ക്കിച്ചേട്ടന്‍ ഐ. സി. യു. വിലാണ്. ആര്‍ക്കും കാണാന്‍ അനുവാദമില്ല. അവിടെ കൂടിനിന്നിരുന്നവര്‍ സാരമില്ലെന്നറിയിച്ചെങ്കിലും അന്നമ്മച്ചേടത്തിക്ക് മനസ്സമാധാനമില്ലായിരുന്നു. കൂട്ടിലിട്ട വെരുകിനേപ്പോലെ ഐ. സി. യു. വിനു മുന്‍പിലൂടെ അവര്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് നടന്നു. ഇടക്കിടെ രാവിലത്തെ സംഭവങ്ങള്‍ ഓരോന്നും പറയുന്നുമുണ്ട്.

“ആരാ അന്നമ്മ?” ഐ. സി. യു. വില്‍ നിന്നും വെളിയില്‍ വന്ന നേഴ്സ് വിളിച്ചുചോദിച്ചു. ഒരു ചാട്ടുളി പോലെ അന്നമ്മച്ചേടത്തി അകത്തേക്ക് പാഞ്ഞു. കണ്ടുനിന്ന നേഴ്സും മറ്റുള്ളവരും അന്തം വിട്ടു. ഒരു മുടിയിഴനാരിനാണ് മരുന്ന് ട്രേയുമായി അകത്തുനിന്നും വന്ന നേഴ്സ് വീഴാതെ രക്ഷപെട്ടത്.

“എന്റയ്യോ.. നിങ്ങ‍ക്കെന്നാ മനുഷ്യാ പറ്റീത്? നിങ്ങളില്ലാതെ ഞാന്‍ ജീവിച്ചിരിക്കില്ല. നിങ്ങളെ ഞാന്‍ രാവിലെ അതുമിതും പറഞ്ഞതിന് ദൈവമെന്നെ ശിക്ഷിച്ചതാ..” അന്നമ്മച്ചേടത്തി പരിസരബോധം നഷ്ടപ്പെട്ട് ഓരോന്ന് പറഞ്ഞ് വീണ്ടും കരയാന്‍ തുടങ്ങി.

“അല്ലാ.. ഇതെന്താ എപ്പോഴും വഴക്കിനുവരുന്ന നിനക്ക് എന്നോടിത്ര സ്നേഹം..” വര്‍ക്കിച്ചേട്ടന് ചിരിയാണ് വന്നത്. ഓഫീസില്‍ വച്ച് ചെറിയ ഒരു തലകറക്കം. അതിനാ എല്ലാവരും കൂടി എന്നെ ഇതിന്റകത്തു കൊണ്ടാക്കിയിരിക്കുന്നത്”.

“ഓ. ഞാനങ്ങ് പേടിച്ചുപോയി. നിങ്ങള്‍ പോയാ എനിക്കിങ്ങനെ വഴക്ക് കൂടാന്‍ വേറെ ആരാ ഉള്ളത്?” ഒരു തേങ്ങലോടെ അന്നമ്മച്ചേടത്തി വര്‍ക്കിച്ചേട്ടനെ കെട്ടിപ്പിടിച്ചു. അത് കണ്ടു വന്ന നേഴ്സ് മറ്റൊരു ദിശയിലേക്ക് വെട്ടിത്തിരിഞ്ഞ് നടക്കുമ്പോള്‍ ചിന്തിച്ചു. “കര്‍ത്താവേ ഈ പ്രായത്തിലും ഇത്ര സ്നേഹമോ?”

അപ്പോള്‍ അടുത്ത സിനിമാക്കൊട്ടകയില്‍ നിന്നു ഒരു ഗാനത്തിന്റെ ഈരടികള്‍ അങ്ങോട്ട് ഒഴുകിയെത്തി.പ്രണയമണിത്തൂവല്‍ പൊഴിയും പവിഴമഴ..മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ..** ** **
posted by മഴത്തുള്ളി @ 12:46 AM

29 Comments:
At 3:54 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

“ആ..ആ..ആ..” കോട്ടുവായിട്ട് കണ്ണും തിരുമ്മിക്കൊണ്ട് വര്‍ക്കിച്ചേട്ടന്‍ മുറ്റത്തേക്ക് വന്നു. പേപ്പര്‍ എടുത്തു നിവര്‍ത്തി വായന തുടങ്ങി.

വര്‍ക്കിച്ചേട്ടന്റേയും അന്നമ്മച്ചേടത്തിയുടേയും ഒരു പ്രഭാതം.


At 4:06 AM, സു | Su ഇങ്ങിനെ പറഞ്ഞു…

നല്ല കഥ. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാവണം ജീവിതം.


At 4:55 AM, വല്യമ്മായി ഇങ്ങിനെ പറഞ്ഞു…

നല്ല കഥ.മനസ്സു ശുദ്ധ്മായവരാണ് എളുപ്പം പിണങ്ങുന്നതും ഇണങ്ങുന്നതും.

പിന്നെ ആദ്യത്തെ ആ വിവരണവും നന്നായി,നാട്ടിലെതിയതു പോലെ


At 5:55 AM, പാര്‍വതി ഇങ്ങിനെ പറഞ്ഞു…

സ്നേഹത്തിന്റെ ഭാഷ നന്നായിരിക്കുന്നല്ലോ മഴത്തുള്ളീ,തടി നന്നാണ്, പോളിഷിങ്ങ് ഇത്തിരീം കൂടി നന്നായിരുന്നെങ്കില്‍ നല്ല ഉരുപ്പടിയായേനെ :)

-പാര്‍വതി.


At 6:14 AM, തറവാടി ഇങ്ങിനെ പറഞ്ഞു…

വര്‍ക്കിച്ചേട്ടനേയും , അന്നാമ്മചേടത്തിനേം ഇഷ്ടായി
നല്ല കഥ


At 6:42 AM, ഇളംതെന്നല്‍.... ഇങ്ങിനെ പറഞ്ഞു…

സ്നേഹം എപ്പോഴും അങ്ങനെയാ......
സ്നേഹിക്കുന്നവരെ കുറിച്ച് കൂടുതല്‍ ഉത്കണ്‍ദയുണ്‍ദാകുമ്പോഴാണ് നാം പലപ്പോഴും കലഹിക്കാറ്..


At 6:42 AM, വെമ്പള്ളി ഇങ്ങിനെ പറഞ്ഞു…

സിമ്പിള്‍, ഏതോ നാടകത്തിന്‍റെ ഒരദ്ധ്യായം വായിച്ച്തു പോലെയും തോന്നി. മഴത്തുള്ളീ, കൊള്ളാം.


At 7:51 AM, സുജയ ഇങ്ങിനെ പറഞ്ഞു…

നല്ല കഥ. രാവിലത്തെ തിരക്കിന്റെ വിവരണം, വളരെ പരിചിതം. ഒന്‍പതു മണിയാവുമ്പൊഴേക്കും എല്ലാവരക്കും പോകെണ്ടപ്പോള്‍, കോതയുടെ പാട്ടു ഉഷാറാവാരുണ്ട്‌, മിക്ക വീടുകളിലും.

ഈ പാട്ടിന്റെ ഉറവിടം തന്നെ കുടുംബത്തെ കോര്‍ത്തിണക്കുന്ന സ്നേഹമല്ലെ.

ഇഷ്ടപെട്ടുട്ടൊ..


At 12:19 AM, മുസാഫിര്‍ ഇങ്ങിനെ പറഞ്ഞു…

മഴത്തുള്ളി.
വയസായവരുടെ സ്നേഹം പഴകിയ വീഞ്ഞു പോലെയാണു,മധുരവും വീര്യവും കൂടും.


At 12:34 AM, അഗ്രജന്‍ ഇങ്ങിനെ പറഞ്ഞു…

വര്‍ക്കിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും ചുറ്റിലും കാണുന്ന മുഖങ്ങള്‍ തന്നെ.

മഴത്തുള്ളി... നന്നായി എഴുതിയിട്ടുണ്ട്.


At 1:08 AM, സുല്‍ | Sul ഇങ്ങിനെ പറഞ്ഞു…

മഴത്തുള്ളീ ഈ എഴുത്തെല്ലാം ഏതു മേഘശകലങ്ങളില്‍ ഒളിപ്പിച്ചു നീ. നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ വേനല്‍ മഴയെവെല്ലുന്ന പെയ്ത്തുകള്‍ പ്രതീക്ഷിക്കുന്നു.

-സുല്‍


At 7:49 PM, ബിജോയ്‌ മോഹന്‍ ഇങ്ങിനെ പറഞ്ഞു…

ഒരു തനി നാട്ടും‌പുറത്തെ ഫാമിലി കഥ, വളരെ ലളിതമായി പറഞ്ഞിരിക്കുന്നു... നന്നായിട്ടുണ്ട്.

ഇപ്പോള്‍ ബ്ലോഗില്‍ പ്രണയ കഥകളുടെ പ്രയാണമാണല്ലോ..???


At 8:06 PM, Peelikkutty!!!!! ഇങ്ങിനെ പറഞ്ഞു…

സിം‌പ്‌ള്‍ & സ്വീറ്റ്!


At 9:50 PM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

പ്രാണനാഥയുടെ പ്രണയഗീതം വായിച്ച് അഭിപ്രായം അറിയിച്ച എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും വളരെ നന്ദി. എനിക്കറിയാം എന്റെ നുറുങ്ങ് കഥയ്ക്ക് അത്ര നിലവാരമില്ലെന്ന്. എങ്കിലും നിങ്ങളുടെ എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ ഇനിയും സമയം കിട്ടുമ്പോള്‍ നല്ല കഥകള്‍ രചിക്കാന്‍ എന്നെ തീര്‍ച്ചയായും സഹായിക്കും.

സൂ, വളരെ നല്ല അഭിപ്രായം. പിണക്കങ്ങള്‍ നീണ്ടുപോവാതിരിക്കുക കുടുംബജീവിതത്തില്‍ വളരെ അത്യാവശ്യമാണ് :)

വല്യമ്മായി, നാട്ടിലെ ഇത്തരം പ്രഭാതങ്ങള്‍ ഇപ്പോള്‍ ഒരോര്‍മ്മ മാത്രം :)

പാര്‍വതി, വളരെ നന്ദി. ഇനിയും പോളീഷ് ചെയ്യാന്‍ തീര്‍ച്ചയായും ശ്രമിക്കാം :)

തറവാടി, വര്‍ക്കിച്ചേട്ടനേയും അന്നമ്മച്ചേടത്തിയേയും കുറെക്കൂ‍ടി നര്‍മ്മം കലര്‍ന്ന രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ടായിരുന്നു. നന്ദി :)

ഇളംതെന്നല്‍, വളരെ ശരിയാണ്. :)

വെമ്പള്ളി, അഭിപ്രായത്തിന് വളരെ നന്ദി. എനിക്ക് ഇതൊരു‍ സംഭാഷണം മാത്രമായി തോന്നിയെങ്കിലും പിന്നീട് രണ്ടും കല്പിച്ചു പോസ്റ്റ് ചെയ്യുകയായിരുന്നു. ;)

സുജയ, അഭിപ്രായത്തിനു വളരെ നന്ദി. ഞാന്‍ താമസിക്കുന്നിടത്തു തന്നെ ഇത് ദിവസവും കേള്‍ക്കാറുണ്ട് ;)

മുസാഫിര്‍, താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. കാരണം എന്റെ ഒരു പ്രായം ചെന്ന സുഹൃത്ത് ഇതു പലപ്പോഴും പറയാറുണ്ട് :)

അഗ്രജന്‍, ശരിയാണ്, ഇത്തരം മുഖങ്ങള്‍ ജീവിതത്തില്‍ എവിടെ ചെന്നാലും കാണാം :)

സുല്ലേ, ഹഹ.. ഇതൊരു പെയ്ത്താണെന്ന് പറഞ്ഞിട്ട് അത്ഭുതം തോന്നുന്നു. മഴ ഒന്നുപെയ്യാന്‍ മഴക്കാറ് കണ്ടല്ലേയുള്ളൂ. അതിനു പെയ്തില്ലല്ലോ ;)

ബിജോയ്, അഭിപ്രായത്തിനു വളരെ നന്ദി. പ്രണയം ആണല്ലോ ജീവിതത്തില്‍ ഒരു പുരുഷനേയും സ്ത്രീയേയും അടുപ്പിക്കുന്നതിന്റെ പ്രധാനഘടകം. (അടിപ്പിക്കുന്നതിന്റെ അല്ല ;) )

പീലിക്കുട്ടി, അഭിപ്രായത്തിനു വളരെ നന്ദി :)


At 4:37 AM, Siju | സിജു ഇങ്ങിനെ പറഞ്ഞു…

ഒരു ഡവുട്ട്
വര്‍ക്കി ചേട്ടന്റേയും അന്നാമ്മചേടത്തിയുടേയു മകന്‍ കണ്ണനായതെങ്ങനെയാ.. മത സൌഹാര്‍ദ്ദമായിരുന്നോ.. :-)
കഥ സിമ്പിള്‍ അന്‍ഡ് ഹമ്പിള്‍


At 4:48 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

സിജു, അമ്പട കൊച്ചുകള്ളാ. തെറ്റ് കണ്ടുപിടിച്ചല്ലേ. ഞാന്‍ പോസ്റ്റിട്ടിട്ട് ഇതേപ്പറ്റി ആലോചിച്ചതാണ്.

‘കഥയില്‍ ചോദ്യമില്ല‘ എന്ന ചുളുവില്‍ രക്ഷപെടാനുള്ള ഒരു തന്ത്രം അപ്പോള്‍ തോന്നി. പിന്നെ വര്‍ക്കിച്ചേട്ടനും അന്നമ്മച്ചേടത്തിക്കും അത്രക്കേ വിവരമുണ്ടായിരുന്നുള്ളൂന്നു വച്ചോ ;) ഞാന്‍ അവരോട് ഇനി ഇത്തരം വിവരക്കേടുകള്‍ പറ്റരുതെന്ന് പറയാം ;)

നന്ദി വായിച്ച് അഭിപ്രായം പറഞ്ഞതിന് :)


At 5:10 AM, പടിപ്പുര ഇങ്ങിനെ പറഞ്ഞു…

സി.രാധാകൃഷ്ണന്‍ ഏതോ ഒരിന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു-
ഇണങ്ങിയും പിണങ്ങിയും കൂടെക്കഴിഞ്ഞ്‌ കഴിഞ്ഞ്‌ പ്രായമാവുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുണ്ടാവുന്ന സ്നേഹം, വല്ലാത്തൊരനുഭവമാണെന്ന്.

നന്നായിരിക്കുന്നു.


At 7:03 AM, വേണു venu ഇങ്ങിനെ പറഞ്ഞു…

പുറമേ പരുക്കരായി തോന്നുമെങ്കിലും പലരും സ്നേഹം ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്നു.ഒരു ചെറിയ ആശയം മഴത്തുള്ളി വലിച്ചു നിട്ടാതെ പറഞ്ഞു.


At 3:15 AM, സുധീഷ്‌/Sudheesh ഇങ്ങിനെ പറഞ്ഞു…

മഴത്തുള്ളിയേയും വര്‍ക്കിച്ചായനേയും അന്നമ്മച്ചേടത്തിയേയും നല്ല പരിചയം


At 3:39 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

പടിപ്പുര,

ഞാനും താങ്കള്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എന്റെയും പ്രായമുള്ള സുഹൃത്തുക്കള്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്. അഭിപ്രായത്തിനു വളരെ നന്ദി.


വേണു,

സന്തോഷമായി വേണുവിന്റെ അഭിപ്രായം കണ്ടപ്പോള്‍. :) നന്ദി.


സുധീഷ്‌,

എന്റെ ദൈവമേ.. എന്നേയും പരിചയമുണ്ടോ? നന്ദി. :)


At 4:10 AM, സപ്ന ഇങ്ങിനെ പറഞ്ഞു…

നിഷക്കളങ്കമായ മന‍സ്സില്‍ നിന്നു മാത്രമേ സ്നേഹം വരുകയുള്ളു, അതു കുത്തുവാക്കുകളും , എടിത്തടിക്കുന്ന പരിഹാസവുമായിരിക്കാം, പക്ഷെ, നഷ്ടപ്പെടും എന്നു തോന്നിയ നിമിഷം, എല്ലാ പിണക്കങ്ങളും നീക്കി, സ്നേഹം, പ്രതികരിച്ചു.


At 8:07 PM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

രാവിലെ ഓഫീസില്‍ വന്നിട്ട് ആദ്യം കണ്ടത് എന്റെ പോസ്റ്റിന് സപ്ന കൊടുത്ത കമന്റ് ആണ്. :)

വളരെ സന്തോഷം ഇത്ര അര്‍ത്ഥവത്തായ ഒരു കമന്റ് ഇട്ടതിന്. നന്ദി :)


At 4:55 AM, നന്ദു കാവാലം ഇങ്ങിനെ പറഞ്ഞു…

ഈ പിന്മൊഴികള്‍ എവിടെയാണെന്നൊന്നു പറഞ്ഞു തരുമോ


At 8:20 PM, Nileenam ഇങ്ങിനെ പറഞ്ഞു…

Maththukkuttichchyo!!!!

aa varkkichchettanum annamma chechetaththikkum aaruteyokkeyo chchaya.

gruhathurathwaththil uzahalunna maththukkuttichchayan swanham annammachchetaththite dialogues nallnam miss aavunnuntallea???


At 8:00 AM, aemrica111 ഇങ്ങിനെ പറഞ്ഞു…

This post has been removed by the author.


At 8:53 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

This post has been removed by the author.


At 4:49 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

നിലീനം,

ഹഹ, എത്ര കറക്ടായിട്ടാ ഇതൊക്കെ ചിന്തിച്ചത് :)

ഇനിയും ഇങ്ങനെ കമന്റുകള്‍ പോരട്ടെ. അതിന് പോസ്റ്റ് ഇല്ലാതെ എങ്ങനെയാ കമന്റിടുന്നത് അല്ലേ :)


At 5:29 AM, സപ്ന ഇങ്ങിനെ പറഞ്ഞു…

ഈ മഴത്തുള്ളി പെയ്യുന്നതു ദില്ലിയിലും അതിന്റെ കാര്‍മേഘം ഉടലെടുത്തതു കേരളത്തിലാണെന്നറിഞ്ഞില്ല. നന്നായിരുക്കുന്നു മാത്യു.


At 4:28 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

സപ്ന,

കാര്‍മേഘത്തിനു കൂടുതല്‍ സമയം വേണ്ട ദില്ലിയിലെത്താന്‍ :)

ഇനി ഒരു കാര്‍മേഘം ബ്ലോഗ് തുടങ്ങാന്‍ പോകുന്നു :)