Sunday, September 7, 2008

ഓംബുഡ്സ്മാനും സ്റ്റേറ്റ് ബാങ്കും പിന്നെ ഞാനും

ഞാന്‍ 2006-ല്‍ ജനുവരിയിലും ഫെബ്രുവരിയിലും ദില്ലിയിലുള്ള ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദില്ലിയിലെ തന്നെയുള്ള മറ്റൊരു ബ്രാഞ്ചിലേക്ക് ഇന്റര്‍നെറ്റ് വഴി (EFT) 5000 രൂപ വീതം അയച്ചു. പലപ്പോഴും ഇങ്ങനെ മറ്റു ബാങ്ക് അക്കൌണ്ടുകളിലേക്ക് പണമയക്കുകയും അതെല്ലാം ഒരു കുഴപ്പവും കൂടാതെ അന്ന് തന്നെയോ അടുത്ത ദിവസമോ എത്തുകയും ചെയ്തിരുന്നതിനാല്‍ ഈ പണവും എന്റെ അക്കൌണ്ടില്‍ എത്തിക്കാണുമെന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ സ്റ്റേറ്റ് ബാങ്കിന്റെ ആ ബ്രാഞ്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ അല്ലാതിരുന്നതിനാല്‍ മൂന്നു മാസത്തിനു ശേഷമാണ് ബാങ്കില്‍ ചെന്ന് പാസ്സ് ബുക്ക് അപ്ഡേറ്റാക്കിയത്. അത്ഭുതം. ഞാന്‍ ജനുവരിയില്‍ അയച്ച 5000 രൂപ ബാങ്കില്‍ വന്നതായി പാസ്സ് ബുക്കിലെ വിവരങ്ങളില്‍ കാണുന്നില്ല. എന്നാല്‍ ഫെബ്രുവരിയില്‍ അയച്ചത് കാണുന്നുമുണ്ട്. എന്നാല്‍ ഒന്നു കൂടി നോക്കിയേക്കാം എന്നു വിചാരിച്ച് എന്റെ അക്കൌണ്ട് സ്റ്റേറ്റ്മെന്റിന്റെ മുഴുവന്‍ ഒരു പ്രിന്റ് എടുപ്പിച്ചു നോക്കി. അവിടേയും ഒരു വിവരങ്ങളുമില്ല.

അക്കൌണ്ട് സ്റ്റേറ്റ്മെന്റിന്റെ പ്രിന്റ് എടുത്തു തന്നവര്‍ എന്നോട് “അക്കൌണ്ട്സ് ഓഫീസര്‍ ദാ ഇരിക്കുന്നതാണ്, പോയി കണ്ടുനോക്കൂ“ എന്നു പറഞ്ഞു. 5000 രൂപയുടെ കാര്യമാണ്, അതിങ്ങനെ വിടാന്‍ പാടുണ്ടോ, പെട്ടെന്ന് അവിടെയെത്തി ചോദിച്ചപ്പോള്‍ ഇന്റര്‍കോമിലൂടെ അദ്ദേഹം ബ്രാഞ്ച് മാനേജരെ വിളിച്ചു കാര്യം പറഞ്ഞു. എന്തൊക്കെയോ അവര്‍ തമ്മില്‍ സംസാരിച്ച് “അച്ചാ അച്ചാ“ എന്നും പറഞ്ഞ് ഫോണ്‍ വെച്ചിട്ട് എന്റെ രൂപ ബാങ്കില്‍ എത്തിയിട്ടില്ലെന്ന് ബ്രാഞ്ച് മാനേജര്‍ പറഞ്ഞതായി അറിയിച്ചു. മാത്രമല്ല മാര്‍ച്ച് 2006 വരെയുള്ള എല്ലാ EFT-യും ക്ലീയര്‍ ആണെന്നും
പറഞ്ഞതായി അറിയിച്ചു. ഐ.സി.എസ്. ഐ. ബാങ്കില്‍ നിന്നും പണം ക്ലിയര്‍ ആയോ എന്ന് അന്വേഷിക്കാനും പറഞ്ഞു.

“സംഗതി എന്തായാലും കുഴഞ്ഞല്ലോ” എന്നു മനസ്സില്‍ വിചാരിച്ച് ഇനി നെറ്റ് മൂലമുള്ള പണമയക്കല്‍ നിര്‍ത്തിയേക്കാം എന്ന ചിന്തയോടെ, അതില്പരം വിഷമത്തോടെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. നേരെ ഓഫീസിലെത്തി ഐ.സി.ഐ.സി. ബാങ്കിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്ത് പോയി നോക്കി.
സ്റ്റേറ്റ് ബാങ്കിലേക്ക് പണം അയച്ചത് “സക്സസ്” എന്ന റിപ്പോര്‍ട്ട് കണ്മുന്നില്‍ തെളിഞ്ഞുവന്നു.

“ശ്ശെടാ, ഇനി അടുത്ത മാര്‍ഗ്ഗം നോക്കണമല്ലോ, ഈ ഡല്‍ഹിയില്‍ ചൂടും തണുപ്പുമേറ്റുണ്ടാക്കിയ 5000 രൂപ അങ്ങനെ വിട്ടു കളയാന്‍ പറ്റില്ലല്ലോ.” എന്നോര്‍ത്ത് പെട്ടെന്ന് തന്നെ ഐ.സി.ഐ.സി. ബാങ്കിന്റെ അക്കൌണ്ട്സ് മാനേജര്‍ക്ക് വിശദ വിവരങ്ങളെഴുതി ഒരു ഇമെയിലയച്ചു. അടുത്ത
ദിവസം തന്നെ അവരുടെ മറുപടിയെത്തി. എന്റെ രൂപ സ്റ്റേറ്റ് ബാങ്കിലേക്ക് ആര്‍.ബി.ഐ മുഖേന അയച്ചുകഴിഞ്ഞെന്നും അതിന്റെ റെഫെറന്‍സ് നമ്പറും മറ്റുമുള്ള വിശദമായ മെയില്‍. മാത്രമല്ല ആ നമ്പര്‍ സ്റ്റേറ്റ് ബാങ്കില്‍ കാണിച്ചാല്‍ അവര്‍ ഉടനെ കാര്യങ്ങള്‍ ചെയ്തുതരുമെന്നും.

എന്തായാലും അടുത്ത ദിവസം തന്നെ രണ്ടു ഇമെയിലിന്റേയും പ്രിന്റുമായി ഞാന്‍ വീണ്ടും സ്റ്റേറ്റ് ബാങ്കില്‍ കയറിയിറങ്ങി. ഫലം തഥൈവ! ആ റെഫറന്‍സ് നമ്പര്‍ കൊടുത്തിട്ടും അക്കൌണ്ട്സ് മാനേജരോ ബ്രാഞ്ച് മാനേജരോ എന്നെ സഹായിക്കാന്‍ തയ്യാറായില്ല. ഈ കാര്യത്തിനു പിന്നാലെ ദിവസവും നടന്നിട്ട് 20 കി.മീ. ദൂരെയുള്ള ഓഫീസിലെത്തുന്നത് തന്നെ ദിവസവും താമസിച്ച്. വെറുതെ അതിനു പിന്നാലെ ബാങ്കില്‍ കയറിയിറങ്ങി നടന്നാല്‍ താമസിച്ചു ചെല്ലുന്നതിനു ബോസിന്റെ വായിലിരിക്കുന്നത് കേള്‍ക്കാമെന്നല്ലതെ ഒരു ഫലവുമില്ലെന്ന് മനസ്സിലാക്കിയതിനാല്‍ ഒരു വിശദമായ എഴുത്ത് ഞാന്‍ സ്റ്റേറ്റ് ബാങ്കിന്റെ മുംബൈയിലെ കസ്റ്റമര്‍ സര്‍വീസിലേക്കയച്ചു. ആ എഴുത്തിന്റെ കൂടെ മറ്റെല്ലാ വിവരങ്ങളും അറ്റാച്ചു ചെയ്യുകയും അതിന്റെ ഓരോ കോപ്പി ദില്ലിയില്‍ തന്നെയുള്ള എസ്. ബി. ഐ. യുടെ ഹെഡ്ഡ് ഓഫീസിലേക്കും, സോണല്‍ മാനേജര്‍ക്കും അയച്ചു.

മാസങ്ങള്‍ കടന്നുപോയിട്ടും ഒരു വിവരവുമില്ല. ഇടക്ക് 1 - 2 എഴുത്തുകള്‍ കൂടി ആ ബ്രാഞ്ചിലേക്ക് അയച്ചെങ്കിലും ഫലമുണ്ടായില്ല. അതേ തുടര്‍ന്ന് ഓണ്‍ലൈന്‍ കം‌പ്ലൈന്റ് (ഇന്ന് വെറുതെ ഗൂഗിളില്‍ T K Mathew എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ ഈ കമ്പ്ലൈന്റ് ആദ്യ പേജില്‍ കാണിക്കുന്നുണ്ട്) സൈറ്റിലൂടെ വിശദ വിവരങ്ങള്‍ സഹിതം ഒരു കമ്പ്ലൈന്റ് കൊടുക്കുകയും അതേ തുടര്‍ന്ന് പല മെയിലുകളും എനിക്ക് ലഭിക്കുകയും ചെയ്തു. കേസ് കൊടുത്ത് കോടതി കയറുകയോ അതല്ലെങ്കില്‍ ഏതെങ്കിലും അഡ്വക്കേറ്റിനെ വെച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യാന്‍ പലരും പറഞ്ഞെങ്കിലും അതിനു മുന്‍പായി ആര്‍.ബി.ഐ ഓംബുഡ്സ്മാനു കൂടി ഒരു പരാതി അയച്ചേക്കാം എന്ന് വിചാരിച്ചു.

അങ്ങനെ കഴിഞ്ഞ ഏപ്രിലില്‍ ആര്‍.ബി.ഐ. ഓംബുഡ്സ്മാന് ഒരു പരാതി അയച്ചു. 3-4 ദിവസത്തിനുള്ളില്‍ തന്നെ അവര്‍ പരാതി നമ്പരും മറ്റു ചില വിവരങ്ങളും തുടര്‍ന്ന് വിശദമായ ഒരു കമ്പ്ലൈന്റ് ഫോമും എനിക്കയച്ചു. അതുപോലെ തന്നെ അവര്‍ സ്റ്റേറ്റ് ബാങ്കിലേക്കും അയച്ചതായി അവര്‍ അയച്ച എഴുത്തില്‍ നിന്നും മനസ്സിലായി. മാത്രമല്ല 10 ദിവസത്തിനുള്ളില്‍ ഇതിന്റെ മറുപടി അവിടെ കിട്ടിയിരിക്കണമെന്നും എഴുതിയിരുന്നു. സമയം ഒട്ടും നഷ്ടപ്പെടുത്താതെ ഞാന്‍ അത് പൂരിപ്പിച്ച് 2 കോപ്പിയെടുത്ത് എല്ലാ അറ്റാച്ചുമെന്റോടും കൂടി ഒരു കവറിംഗ് ലെറ്റര്‍ സഹിതം ആര്‍.ബി.ഐ.
ഓംബുഡ്സ്മാന് കൊറിയര്‍ ചെയ്തു. എന്റെ പേപ്പറുകള്‍ അവിടെ കിട്ടിയതും ഓരോ കാര്യങ്ങള്‍ക്കും ഓംബുഡ്സ്മാന്റെ ഓഫീസിലെ ഒരു അസിസ്റ്റന്റ് ജെനറല്‍ മാനേജര്‍ എന്നെ വിളിച്ച് അറിയിച്ചുകൊണ്ടിരുന്നു. തമ്മില്‍ കണ്ടിട്ടില്ലെങ്കിലും ഇത്രയധികം അടുപ്പത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്ന ഒരു ഓഫീസറെ ഞാന്‍ ആദ്യമായി അങ്ങനെ പരിചയപ്പെട്ടു.

എനിക്ക് ആര്‍.ബി.ഐ-യില്‍ നിന്നും കഴിഞ്ഞ ജൂലായ് 22ന് ഒരു ലെറ്റര്‍ കൂടി കിട്ടി. ജൂലായ് 30ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആര്‍.ബി.ഐ. യില്‍ വച്ച് മീറ്റിംഗ്. പാര്‍ലമെന്റ് സ്ട്രീറ്റിലൂടെ അല്പം പോയാല്‍ മതി. ഓഫീസില്‍ നിന്നും ഒരു 10 മിനുട്ടെടുക്കും. ഞാന്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് ഒരു ലെറ്റര്‍
ഉണ്ടാക്കി ഫാക്സ് ചെയ്യുകയും വിളിച്ചറിയിക്കുകയും ചെയ്തു.

മീറ്റിംഗില്‍ കൊണ്ടുപോവേണ്ട എല്ലാ പേപ്പറുകളുമുണ്ട്. പക്ഷേ എന്റെ പാസ്സ് ബുക്കു കാണുന്നില്ല. വീട്ടിലും ഓഫീസിലും 2 ദിവസമായി തപ്പുന്നുണ്ടെങ്കിലും കിട്ടുന്നില്ല. ജൂലൈ 29 ആയിട്ടും അതിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഇനി മീറ്റിംഗിനു പോകണോ? പോയാലും എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നെല്ലാം മനസ്സില്‍ ഓരോരോ ചിന്തകളും.

ജൂലായ് 30 പ്രഭാതം. മൊബൈല്‍ തുടരെ ശബ്ദിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. അറ്റന്‍ഡ് ചെയ്തപ്പോള്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്നും അയച്ച ആരോ ആണ്. എന്റെ അഡ്രസ്സ് തപ്പി പിടിച്ച് വീടിനു മുന്നില്‍ വന്നിട്ട് വിളിക്കുകയാണ്. മൊബൈല്‍ അലാറം അടിക്കാന്‍ അര മണിക്കൂര്‍ കൂടിയുണ്ടായിരുന്നു. അതിനു മുന്‍പേ വിളിച്ചുണര്‍ത്തിയവനെ ഡിക്ഷണറിയിലില്ലാത്ത ചില പദങ്ങള്‍ മനസ്സില്‍ പറഞ്ഞ് വാതില്‍ തുറന്നു. ഒരു എഴുത്തിന്റെ കോപ്പിയുമായി ഒരാള്‍. സ്റ്റേറ്റ് ബാങ്കില്‍ നിന്നും അയച്ചതാണ്. ബ്രാഞ്ച് മാനേജര്‍ അതില്‍ എഴുതിയിരിക്കുന്നു ബാങ്കില്‍ ചെന്നു കാണാന്‍. ഡേറ്റ് ഇട്ടിരിക്കുന്നറ്റ് ജുലായ് 7. ഞാന്‍ പറഞ്ഞു ഇത് പഴയ ലെറ്റര്‍, ഒപ്പിടില്ല എന്ന്. വന്നയാള്‍ ഒപ്പിടീച്ച് ചെന്നില്ലെങ്കില്‍ എന്നെ വഴക്കു പറയും അതു ചെയ്യും ഇതു ചെയ്യും എന്നെല്ലാം പറയാന്‍ തുടങ്ങി. പിന്നെ ഞാന്‍ ഒപ്പിട്ടു കൊടുത്തു. താഴെ അന്നത്തെ ഡേറ്റും വെച്ചു.

ഓഫീസില്‍ ചെന്നതിനു ശേഷം ഞാന്‍ ആര്‍.ബി.ഐ. ലേക്ക് വിളിച്ച് അസിസ്റ്റന്റ് ജെനറല്‍ മാനേജരോട് പാസ്സ്ബുക്ക് നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോള്‍ അതൊന്നും സാരമില്ല അല്പം നേരത്തെയെത്താന്‍ പറഞ്ഞു. അതനുസരിച്ച് അവിടെയെത്തിയപ്പോള്‍ സ്റ്റേറ്റ് ബാങ്കില്‍ നിന്നും ബ്രാഞ്ച് മാനേജരും മറ്റു രണ്ട് ഉദ്യോഗസ്ഥരും എത്തിയിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരും കോണ്‍ഫറന്‍സ് റൂമിലെത്തി. ഓംബുഡ്സ്മാനും മറ്റ് രണ്ടുപേരും ഞാനുമുള്‍പ്പടെ 7 പേര്‍. ഓംബുഡ്സ്മാന്‍ കേസിനാസ്പദമായ കാര്യങ്ങള്‍ വിവരിക്കാന്‍ എന്നോടു പറഞ്ഞു. ഞാന്‍ രണ്ടര വര്‍ഷം മുന്‍പ് പണം അയച്ചതുമുതല്‍ എല്ലാക്കാര്യങ്ങളും വിശദീകരിച്ചു. മാത്രമല്ല അന്നു തൊട്ട് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം അന്നു രാവിലെ ബാങ്കില്‍ നിന്നും ഒരാള്‍
എഴുത്തുമായി വന്നതും എല്ലാം.

പിന്നെ കേട്ടത് ഓംബുഡ്സ്മാന്റെ ദേഷ്യത്തോടെയുള്ള സംസാരമാണ്. സ്റ്റേറ്റ് ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥന്മാരേയും മാറിമാറി അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം മുട്ടിച്ചു. അവരില്‍ ഒരാള്‍ എനിക്ക് മാസാദ്യം അയച്ച ലെറ്ററിനേപ്പറ്റിയും ആളെ വിട്ട് ലെറ്റര്‍ കൊണ്ടുപോയി കൊടുക്കാന്‍
നോക്കിയപ്പോള്‍ എന്നെ കാണാതെ 1-2 പേര്‍ എന്റെ വീട്ടില്‍ വന്ന് തിരിച്ചുപോയതുമെല്ലാം പറഞ്ഞു. രണ്ടര വര്‍ഷം മുഴുവന്‍ ഒരു എഴുത്തിനും മറുപടി കൊടുക്കാതിരുന്നിട്ട് മീറ്റിംഗിനു വിളിച്ച ദിവസം തന്നെ ഒരു എഴുത്തുമായി ആളെ വിട്ടതും എനിക്കയച്ചപോലെ തന്നെ ബാങ്കുകാര്‍ക്ക് അയച്ച കമ്പ്ലൈന്റ് ഫോം പൂരിപ്പിച്ച് അയക്കാത്തതും അദ്ദേഹത്തിന്റെ ദേഷ്യം കൂട്ടിയതേയുള്ളൂ. ബ്രാഞ്ച് മാനേജര്‍ പറഞ്ഞത് ഞാന്‍ അയച്ച 5000 രൂപ സസ്പെന്‍സ് അക്കൌണ്ടില്‍ പോയെന്നും മറ്റുമാണ്. എന്റെ എഴുത്ത് കിട്ടിയെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു.

അര മണിക്കൂറിനുള്ളില്‍ മീറ്റിംഗ് കഴിഞ്ഞു. ഓംബുഡ്സ്മാന്‍ ബ്രാഞ്ച് മാനേജരോട് എനിക്ക് നഷ്ടമായ 5000 രൂപയും അതിന്റെ രണ്ടര വര്‍ഷത്തെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശയും കൂടാതെ 2% അധിക പലിശയും 1000 രൂപ പിഴയും സഹിതം അടുത്ത ദിവസം തന്നെ എന്റെ അക്കൌണ്ടിലേക്ക്
ക്രെഡിറ്റ് ചെയ്യാന്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ വേണമെങ്കില്‍ എന്നോട് പറയാന്‍ പറഞ്ഞെങ്കിലും എനിക്ക് എന്റെ നഷ്ടമായ തുകയും പലിശയും ധാരാളമാണെന്ന് ഞാന്‍ പറഞ്ഞു. ബ്രാഞ്ച് മാനേജര്‍ 1000 രൂപ പിഴ അധികമാണെന്നും അത് കുറക്കണമെന്നും മറ്റും പറഞ്ഞെങ്കിലും ഓംബുഡ്സ്മാന്‍
സമ്മതിച്ചില്ല. എന്റെ സ്ഥാനത്ത് മറ്റൊരാളാ‍യിരുന്നെങ്കില്‍ ഈ ചെറിയ പിഴക്കു പകരം അതിലും കൂടുതല്‍ പിഴ അടക്കേണ്ടി വരുമായിരുന്നു എന്ന് ഓംബുഡ്സ്മാന്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല ഇതുപോലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ഓംബുഡ്സ്മാനെ സമീപിക്കണമെന്നറിയാതെ പണം പോയത് പോകട്ടെ
എന്നു വിചാരിക്കുന്ന ധാരാളം പാവങ്ങള്‍ ഉണ്ടെന്നും ഇതുപോലെ ഓംബുഡ്സ്മാനെ സമീപിക്കുന്നവര്‍ ചെറിയൊരു അംശം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടെ നഷ്ടമായ 5000 രൂപ തിരിച്ചുകിട്ടുവാനുള്ള എന്റെ രണ്ടര വര്‍ഷത്തെ ശ്രമങ്ങള്‍ക്ക് തിരശീല വീണു.

17 comments:

മഴത്തുള്ളി said...

ഞാന്‍ 2006-ല്‍ ജനുവരിയിലും ഫെബ്രുവരിയിലും ദില്ലിയിലുള്ള ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദില്ലിയിലെ തന്നെ മറ്റൊരു ബ്രാഞ്ചിലേക്ക് ഇന്റര്‍നെറ്റ് വഴി (EFT) 5000 രൂപ വീതം അയച്ചു. പലപ്പോഴും ഇങ്ങനെ മറ്റു ബാങ്ക് അക്കൌണ്ടുകളിലേക്ക് പണമയക്കുകയും അതെല്ലാം ഒരു കുഴപ്പവും കൂടാതെ അന്ന് തന്നെയോ അടുത്ത ദിവസമോ എത്തുകയും ചെയ്തിരുന്നതിനാല്‍ ഈ പണവും എന്റെ അക്കൌണ്ടില്‍ എത്തിക്കാണുമെന്നോര്‍ത്ത് ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചുമില്ല. എന്നാല്‍ സ്റ്റേറ്റ് ബാങ്കിന്റെ ആ ബ്രാഞ്ച് ഓണ്‍ലൈന്‍ സംവിധാനത്തില്‍ അല്ലാതിരുന്നതിനാല്‍ മൂന്നു മാസത്തിനു ശേഷമാണ് ബാങ്കില്‍ ചെന്ന് പാസ്സ് ബുക്ക് അപ്ഡേറ്റാക്കിയത്. അത്ഭുതം. ഞാന്‍ ജനുവരിയില്‍ അയച്ച 5000 രൂപ ബാങ്കില്‍ വന്നതായി പാസ്സ് ബുക്കിലെ വിവരങ്ങളില്‍ കാണുന്നില്ല.

ഒരു ഓര്‍മ്മക്കുറിപ്പ്. ഇതുപോലുള്ള അനുഭവങ്ങള്‍ ഉള്ളവര്‍ പങ്കുവെക്കുമല്ലോ. :)

krish | കൃഷ് said...

അച്ചായോ..ഇലക്ട്രോണിക്‌ ട്രാന്‍സ്ഫര്‍ ആല്ലേ രണ്ടു സെക്കന്റ്‌ വേണ്ടിടത്ത്‌ ചിലപ്പോള്‍ രണ്ടു വര്‍ഷമൊക്കെ എടുക്കും.
'മുട്ടുവിന്‍ തുട്ട്‌ കിട്ടും' എന്ന് ആരോ പറഞ്ഞതുപോലെ അവസാനം തുട്ട്‌ കിട്ടിയല്ലോ. ആശ്വസിക്കൂ.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബ്രാഞ്ചും നെറ്റ്‌വര്‍കും ഉള്ള ബാങ്ക്‌ ആണ്‌. പക്ഷെ, അവരുടെ സര്‍വീസ്‌ കുറച്ചൊക്കെ മോശമാണെന്നു പറയാതെ വയ്യ. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ നല്ല കസ്റ്റമര്‍ സര്‍വീസ്‌ നല്‍കുമ്പോള്‍ ഇവര്‍ മാറാന്‍ തയ്യാറാകുന്നില്ല. ഇവിടെയാണെങ്കില്‍ എവരുടെ എ.ടി.എം. മെഷിനുകള്‍ ഇടക്കിടക്ക്‌ പണിമുടക്കും. ചിലപ്പോള്‍ അത്യാവശ്യത്തിനുപകരിക്കില്ല.

മന്ത്രജാലകം said...

സ്റ്റേറ്റ് ബങ്കുകാര്‍ ഇനിയും കസ്റ്റമര്‍ കെയര്‍ എന്നതു എന്താനെന്ന് മനസ്സിലാക്കിയിട്ടില്ല എന്നതിന്റ്റെ ഉത്തമ ഉദാഹരണം..... ഇങ്ങനെ എത്ര അനുഭവങ്ങളാന്ണു... നെഹ്രുപ്ലേസിലുള്ള എസ് ബി ടി ശാഖയില്‍ പോയാല്‍ ഒരു പത്തു പ്രാവശ്യമെങ്കിലും ഒപ്പ് ഒത്തുനോക്കുകയും അവസാനം ഒപ്പ് തെറ്റാണെന്നു പറഞ്ഞു പണം തരാതിരിക്കുകയും ചെയ്തിട്ടുണ്ട് പലപ്പൊഴും........

വേണു venu said...

മാത്യൂസ്സേ കൃഷ് പറഞ്ഞ പോലെ ആശ്വസിക്കൂ....

അനില്‍@ബ്ലോഗ് // anil said...

സ്റ്റേറ്റ് ബാങ്കിന്റെ ഇന്നത്തെ മാറിവരുന്ന കെട്ടും മട്ടും പല സൂചനകള്‍ നല്‍കുന്നതാണെന്നാണ് തോന്നുന്നതു.കസ്റ്റമേഴ്സ് (സാധാരണക്കാരായവര്‍)അവര്‍ക്കു ഒരു പ്രശ്നമല്ല. ആയിരങ്ങളുടെ കണക്കു കൈകാര്യം ചെയ്യാനോ, പാവപ്പെട്ടവനു 50000 ലോണ്‍ കൊടുക്കാനോ അവര്‍ക്കു താല്‍പ്പര്യവുമില്ല. ബിസിനസ് ലോകത്തിനു ന്‍ല്‍കുന്ന കിട്ടാക്കടങ്ങളായ കോടികളിലാണു നോട്ടം.

ആത്യന്തിക ലക്ഷ്യം ഒന്നുമാത്രം, സ്വകാര്യവല്‍ക്കരണം.

[ nardnahc hsemus ] said...

ഓംബുഡ്സ്മാന്‍ പറഞ്ഞപോലെ ബാങ്കുകള്‍ക്ക് ഇതില്‍ പുതുമ ഒന്നുമുണ്ടാവില്ല.. അവര്‍ അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നതുമായിരിയ്ക്കാം.. പരാതിയുമായി പുറകേനടക്കാന്‍ സമയമുള്ളവര്‍ ഇക്കാലത്ത് കുറവാണേന്നവര്‍ക്കറിയാം.

ഒരു രൂപയാണെങ്കില്‍ പോലും അനുവാദമില്ലാതെ കൈയ്യിട്ടു വാരാനവകാശമില്ലെന്ന് ബാങ്കുകാരെ ബേധ്യപ്പെടുത്തിയതിനു അഭിനന്ദനങള്‍.

Ziya said...

ഹോ ഹോ ഹോ
സാജന്റെ കൈക്കൂലിപ്പോസ്റ്റ് വായിച്ചു കഴിഞ്ഞതേ ഉള്ളാരുന്നു..
അച്ചായ എസ് ബി ഐയെ ക്ഷ വരപ്പിച്ച കഥ ക്ഷ പിടിച്ചു...

മാന്യ ബൂലോഗരേ, ഈ ബ്ലോഗാതിലകങ്ങളെ മാതൃകയാക്കി പ്രതികരിക്കൂ, വേണ്ടിടത്ത് വേണ്ട പോലെ പരാതിപ്പെടൂ...നാടും നമ്മളും നന്നാവും...

G.MANU said...

എന്തായാലും ഓണത്തിനു പൊന്‍‌മാന്‍‌‌കുഞ്ഞുങ്ങളെ വാങ്ങാനൂള്ള ചിക്കിലി ഒത്തല്ലോ.. പാഗ്യവാന്‍ :)

മുസാഫിര്‍ said...

ഇപ്പൊഴും ചില ബാങ്കുകളില്‍ പോയി അവരുടെ മുഖഭാവം കണ്ടാല്‍ ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളൊന്നും ഇവര്‍ അറിയുന്നില്ലല്ലോ എന്ന വിഷമവും കീബോഡില്‍ ഓരോ അക്ഷരവും തിരഞ്ഞു പിടിച്ചു കുത്തുന്നതു കാണുമ്പോള്‍ സഹതാപവും തോന്നും.എഴുത്ത് നന്നായി മാത്യൂസ്.

സാജന്‍| SAJAN said...

അവസാനം പൈസ കിട്ടിയല്ലൊ അതു തന്നെ കാര്യം!
നമ്മളെല്ലാം ഇങ്ങനെ ചിന്തിച്ചാല്‍ ഈ നാട് രക്ഷപ്പേടില്ലേ മാത്യൂച്ചായോ?
ഈ അവസരത്തില്‍ എനിക്ക് ഒത്തിരി ഇഷ്ടമായി ഈ എഴുത്തും ഇതിന്റെ പിന്നിലെ പ്രയത്നവും
കീപ്പിറ്റപ്പൂ:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആത്യന്തിക ലക്ഷ്യം ഒന്നുമാത്രം, സ്വകാര്യവല്‍ക്കരണം.

Sherlock said...

പൈസ കിട്ടിയ സ്ഥിതിക്ക്..എപ്പഴാ ട്രീറ്റ്? :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ന് ഓണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

ആഷ | Asha said...

നമ്മളൊക്കെ ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയാൽ നാടെപ്പോ നന്നായെന്നു ചോദിച്ചാ മതില്ലേ. :)

പാരസിറ്റമോള്‍ said...

തകര്‍ത്തൂ .....

deeps said...

kollallo, alu puliyanallo.............

മഴവില്ലും മയില്‍‌പീലിയും said...

രണ്ടര വര്‍ഷം മുന്‍പ് ഞാന്‍ സിറ്റി ബങ്കിലേക്ക് ഒരു ഡ്രാഫ്റ്റ് (6000 രൂപയുടെ ) എടുത്തത് കാര്‍ഡ് നമ്പറിലെ ഒരു അക്കത്തിന്റെ തെറ്റുകൊണ്ട് ക്രെഡിറ്റാകാതെ പോയി. പക്ഷെ ആ ഡ്രാഫ്റ്റ് എനിക്ക് തിരിച്ച് കിട്ടിയില്ല. എന്തോ അത്യാവശ്യകാര്യമായി ബന്ധപ്പെട്ട് ഞാന്‍ അറിഞ്ഞത് ഒരു പാട് നാളുകള്‍ക്ക് ശേഷമാണ്.അപ്പോഴേക്കും പലിശ ഫൈന്‍ ഒക്കെ ആ‍യി വേറെയും പോയി.പിന്നെ ഞാന്‍ ഓര്‍ത്തു പോയത് പോയി ഇനി അതിന്റെ പിറകെ എന്ത് പോകാന്‍ എന്ന്. മഴത്തുള്ളിയുടെ ഈ പോസ്റ്റ് ഇനി ബാങ്കില്‍ ഒരു അബദ്ധവും പറ്റാതെ നോക്കാന്‍ പ്രേരിപ്പിക്കുന്നു നന്ദി