Friday, November 23, 2007

അമ്മുക്കുട്ടിയുടെ കിന്നാരം



അങ്ങേക്കൊമ്പത്താടിയിരിക്കും ചെങ്ങാലിക്കിളിയേ
ഇങ്ങേക്കൊമ്പത്തൂഞ്ഞാലാടും തുമ്പിപ്പെണ്മണിയേ
ഇത്രയുമുയരെ പൊങ്ങിപ്പാറാന്‍ ആരു പഠിപ്പിച്ചൂ
താഴേക്കിങ്ങനെ നോക്കിപ്പാറാന്‍ ഭയമേയില്ലെന്നോ?

അമ്മുക്കുട്ടീ അമ്മുക്കുട്ടീ പേടിയതെന്തിന്നായ്?
ഞങ്ങള്‍ക്കീശന്‍ ചിറകുകള്‍ നല്‍കീ വാനില്‍പ്പാറാനായ്
പാറിപ്പാറി ഉലകം ചുറ്റാന്‍ എന്തൊരു രസമെന്നോ
കാണാക്കാഴ്ചകള്‍ കാണാനായി വരുവാന്‍ കൊതിയുണ്ടോ?

ചിറകില്ലാതെ പറക്കുവതെങ്ങനെ ചെങ്ങാലിക്കിളിയേ
ചിറകുകളേകാന്‍ നിന്നുടെയീശനൊടൊന്നുരിയാടിടുമോ?
ഭൂമിയില്‍ നിന്നാല്‍ കാണാക്കാഴ്ചകളെങ്ങനെ ഞാനറിയും?
പാരിന്‍ നാഥന്‍ കാട്ടിയതെന്തൊരു വികൃതിത്തരമാണേ !
.
അമ്മുക്കുട്ടീ നിന്നുടെ കഴിവുകള്‍ ഞങ്ങള്‍ക്കായിടുമോ?
ലോകം മുഴുവന്‍ മാറ്റിമറിക്കും നാടിന്‍ തലമുറ നീ
നിന്നുടെ കൂടെ ആടിപ്പാടാന്‍ സ്നേഹിതര്‍ ധാരാളം
അച്ഛനുമമ്മേം കൊച്ചനുജത്തിയുമെപ്പോഴും കൂടെ

നിങ്ങള്‍ ചൊന്നത് കാര്യം തന്നെ തുമ്പിപ്പെണ്മണിയേ
ഇവിടെയുമെന്തൊരു രസമാണെന്നോ ചെങ്ങാലിക്കിളിയേ
ഇനി മേല്‍ നിങ്ങള്‍ എന്നേക്കാണാനെന്നും വന്നിടണേ
നമ്മുടെ സ്നേഹം നിലനില്‍ക്കട്ടേയിന്നും എന്നെന്നും.

35 comments:

മഴത്തുള്ളി said...

അങ്ങേക്കൊമ്പത്താടിയിരിക്കും ചെങ്ങാലിക്കിളിയേ
ഇങ്ങേക്കൊമ്പത്തൂഞ്ഞാലാടും തുമ്പിപ്പെണ്മണിയേ
ഇത്രയുമുയരെ പൊങ്ങിപ്പാറാന്‍ ആരു പഠിപ്പിച്ചൂ
താഴേക്കിങ്ങനെ നോക്കിപ്പാറാന്‍ ഭയമേയില്ലെന്നോ?

ഒരു കുട്ടിക്കവിത :-)

G.MANU said...

കണ്ട കിളിയേം വണ്ടുകളേയും
കണ്ടോണ്ടിരിക്കാതെ
മണ്ടിക്കിടാവെ പോയി പഠിക്കൂ
രണ്ടാം ക്ളാസിലല്ലേ...
നാളെ പരീക്ഷയല്ലേ

ദിലീപ് വിശ്വനാഥ് said...

നിങ്ങള്‍ ചൊന്നത് കാര്യം തന്നെ തുമ്പിപ്പെണ്മണിയേ
ഇവിടെയുമെന്തൊരു രസമാണെന്നോ ചെങ്ങാലിക്കിളിയേ
ഇനി മേല്‍ നിങ്ങള്‍ എന്നേക്കാണാനെന്നും വന്നിടണേ
നമ്മുടെ സ്നേഹം നിലനില്‍ക്കട്ടേയിന്നും എന്നെന്നും.

എന്നും ഈ സ്നേഹം നിലനില്‍ക്കട്ടെ.

(എന്നാലും നമ്മുടെ മനുവിന്റെ മൂക്കിനിടിച്ചത്!!)

Sethunath UN said...

എല്ലാം കൊ‌ള്ളാം. പക്ഷേ ആ രണ്ടാമത്തെ സ്റ്റാന്‍സയില്‍ ഒഴുക്കില്ല മഴത്തുള്ളി.

ഉപാസന || Upasana said...

മാത്യു സാറേ

:)))
ഇദ്ദേഹം ഒരു കൊച്ചുകുട്ടിയാ

ഉപാസന

നോബി ബിജു said...

മഴത്തുള്ളീ,

കുട്ടിക്കവിത നന്നായിരിക്കുന്നു...അതുപോലെ തന്നെ കവിതക്ക് ഉചിതമായ ചിത്രവും.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ദെല്‍ഹിയിലെ കുഞ്ഞൂണ്ണി മാഷേ,
കവിത നന്നായിരിക്കുന്നു ...
അതിനു ചേരുന്ന ഫോട്ടൊയും.....

- ബിജോയ്

മനോജ് കുമാർ വട്ടക്കാട്ട് said...

മാത്യൂ, കവിത അങ്ങട്ട് തട്ടകമാക്കിയോ? :)

Unknown said...

ഓണ്‍ലൈന്‍ ബാലരമ വായിക്കുന്ന പോലുണ്ട്

:-)

സഹയാത്രികന്‍ said...

“ഇനി മേല്‍ നിങ്ങള്‍ എന്നേക്കാണാനെന്നും വന്നിടണേ
നമ്മുടെ സ്നേഹം നിലനില്‍ക്കട്ടേയിന്നും എന്നെന്നും.“

ആദ്യം പറഞ്ഞത് ഞങ്ങളേറ്റു...രണ്ടാമത് പറഞ്ഞത് മാഷും ഏല്‍ക്കണം
:)

ഗീത said...

അതെ,മറ്റുള്ളവര്‍ക്കുള്ള കഴിവുകളും ഭാഗ്യങ്ങളും നമുക്കില്ലല്ലോയെന്ന് ദു:ഖിക്കാതെ നമ്മുടെ കഴിവുകളിലും ഭാഗ്യത്തിലും അഭിമാനിക്കുകയും സംതൃപ്തിയടയുകയും ചെയ്യുക എന്ന നല്ല സന്ദേശമടങ്ങിയ കവിത.

ആ കുഞ്ഞിന്റെ പടവും നന്നയിരിക്കുന്നു.
congrats.

സു | Su said...

നല്ല പാട്ട്- കവിത. നല്ല സന്ദേശം.

ധ്വനി | Dhwani said...

നല്ല കുട്ടിക്കവിത! ബല്യ ഇഷ്ടമായി!

ബാക്കിയിത്തിരി പാടണമെന്നുണ്ടായിരുന്നു! കഴിയുന്നില്ല! ഞാന്‍ പരാജിതയായി!

Sherlock said...

മഴത്തുള്ളി മാഷേ..കവിത കൊള്ളാട്ടാ....ഇത് ഞാന്‍ അടിച്ചുമാറ്റി..കോപ്പി റൈറ്റ് ഉണ്ടെങ്കില്‍ പറഞ്ഞോളൂട്ടോ..

ശ്രീലാല്‍ said...

നല്ല കവിത... ചെങ്ങാലിക്കിളി... തുമ്പിപ്പെണ്മണി.. :)

വേണു venu said...

മാത്യൂ സാറേ,
ചുന്ദരി പടവും ചുന്ദരി വരികളും.:)

[ nardnahc hsemus ] said...

അച്ചായോ,
നന്നായിട്ടുണ്ട് ഉണ്ണീക്കവിത...

അങ്ങേക്കൊമ്പത്താടിയിരിക്കും ചെങ്ങാലിക്കിളിയേ
ഇങ്ങേക്കൊമ്പത്തൂഞ്ഞാലാടും തുമ്പിപ്പെണ്മണിയേ

ആ വരികള്‍ അതിമനോഹരം....

മഴതുള്ളികിലുക്കം said...

മഴത്തുള്ളി....

നന്നായിരിക്കുന്നു.....അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Unknown said...

നല്ല വരികള്‍.........നല്ല സന്ദേശം...നല്ല ചിത്രം........എല്ലാം കൊണ്ടും സൂപ്പര്‍.:)

ശ്രീ said...

നന്നായിട്ടുണ്ട് മാഷേ...

:)

ഹരിശ്രീ said...

മഴത്തുള്ളീ,

എത്ര സുന്ദരമായ വരികള്‍...ഈ നല്ല വരികള്‍ക്കും നല്ല ചിത്രത്തിനും നന്ദി...

ആശംസകളോടെ...

ഹരിശ്രീ

സുല്‍ |Sul said...

നന്നായിരിക്കുന്നെന്നാലും
പഴയതിന്റെയിഴയടുപ്പമില്ലതുള്ളീ
എഴുതുകയിനിയുംകിന്നാരങ്ങള്‍
നല്ലതിനിയുംവരും വഴിയേ....

-സുല്‍

അലി said...

ഇത്രയുമുയരെ പൊങ്ങിപ്പാറാന്‍ ആരു പഠിപ്പിച്ചൂ

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!

മഴത്തുള്ളി said...

ഇത്തവണ പനിപിടിച്ചതുമൂലം ഇങ്ങോട്ട് പിന്നീട് വരാനൊത്തില്ല.

ജി.മനു, വാല്‍മീകി, നിഷ്ക്കളങ്കന്‍, ഉപാസന, നോബി, ബിജോയ്, പടിപ്പുര, മഞ്ഞുതുള്ളീ, വളരെ സന്തോഷം.

സഹയാത്രികന്‍. രണ്ടാമത് പറഞ്ഞത് ഞാനും ഏറ്റു. പോരെ :)

ഗീതാ ഗീതികള്‍, സൂ, ധ്വനി വളരെ നന്ദി.

ജിഹേഷ് എടക്കൂട്ടത്തില്‍, ആദ്യമായി വന്നതിനും അടിച്ചുമാറ്റിയതിനും വളരെ സന്തോഷം മാഷേ, മാഷിന്റെ ഇഷ്ടം. :)

ശ്രീലാല്‍, വേണുമാഷേ വളരെ നന്ദി.

സുമേഷേ, വളരെ നന്ദി ആ അഭിപ്രായത്തിന്.

മഴത്തുള്ളിക്കിലുക്കം, ആഗ്നേയ, ശ്രീ, ഹരിശ്രീ(ആദ്യമാണല്ലോ), വളരെ സന്തോഷം.

സുല്‍, അതെ, പഴയ കവിതകളുടെ അത്ര പറ്റിയില്ലെന്ന് എനിക്കും തോന്നി മാഷേ, ഇനി നോക്കാം. :)

അലി, ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി. :)

K M F said...

kollam

Mahesh Cheruthana/മഹി said...

മഴത്തുള്ളീ,
കവിത നന്നായിരിക്കുന്നു !
ആശംസകള്‍!!!

മഴത്തുള്ളി said...

k m f, ആദ്യമായി വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

മഹേഷ് ചെറുതന, വളരെ സന്തോഷം :)

അജയ്‌ ശ്രീശാന്ത്‌.. said...

"ചിറകില്ലാതെ പറക്കുവതെങ്ങനെ ചെങ്ങാലിക്കിളിയേ
ചിറകുകളേകാന്‍ നിന്നുടെയീശനൊടൊന്നുരിയാടിടുമോ?"

വരികള്‍ രസമുണ്ട്ട്ടോ...

Dr. Prasanth Krishna said...

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc

മഴത്തുള്ളി said...

അമൃതാ വാര്യര്‍,

വളരെ നന്ദി വന്ന് അഭിപ്രായം അറിയിച്ചതിന് :)

cartoonist sudheer said...

))).....good..kinnaram nannayitoooooo

കാനനവാസന്‍ said...

കവിത നന്നായി....

കവിതയും ചിത്രവും കൂടിയുള്ള കോമ്പിനേഷനും അടിപൊളിയായി.......

Anonymous said...

മാഷെ ...കവിത സൂപ്പര്‍..ഒപ്പമുള്ള ചിത്രവും കൊള്ളാം.നേരത്തെ വായിച്ചിരുന്നെങ്കിലും കമന്റാന്‍ ഇപ്പോഴാണ് സാധിച്ചത്.........

ഇനി സ്ഥിരമായി വരാം.........

മഴത്തുള്ളി said...

Cartoonist Sudheer : അഭിപ്രായം അറിയിച്ചതിന് വളരെ നന്ദി മാഷേ :)

കാനനവാസാ, ആദ്യമായി വന്നതിലും കമന്റിട്ടതിലും വളരെ സന്തോഷം :)

ഹരി : വളരെ നന്ദി. കുറെയായി പുതിയ പോസ്റ്റിടാന്‍ സമയം കിട്ടാറില്ല, ഇനി നോക്കട്ടെ :)

മുസ്തഫ|musthapha said...

അമ്മുക്കുട്ടീ നിന്നുടെ കഴിവുകള്‍ ഞങ്ങള്‍ക്കായിടുമോ?
ലോകം മുഴുവന്‍ മാറ്റിമറിക്കും നാടിന്‍ തലമുറ നീ...

സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ, മറ്റുള്ളവരെ പോലെ തനിക്കാവുന്നില്ലല്ലോ എന്ന് പരിതപിക്കുന്നവര്‍ എത്ര - അല്ലേ...!

മാത്യൂസ് നല്ല ആശയം... നല്ല വരികളും - അഭിനന്ദനങ്ങള്‍