Friday, March 9, 2007

ഡല്‍ഹിയില്‍ പുലരിമഴ

Monday, July 17, 2006

ഡല്‍ഹിയിലെ കൊടും ചൂടിനു വിരാമമിട്ടുകൊണ്ട് ഇന്ന് രാവിലെ മുതല്‍ മഴ തകര്‍ത്തു പെയ്യുകയാണ്. വല്ലപ്പോഴും പെയ്യുന്ന മഴ ചെറുപ്പകാല ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു. നിമിഷ നേരം കൊണ്ട് റോഡുകള്‍ തോടുകളായി. എന്നാല്‍ തുള്ളിക്കൊരു കുടം പെയ്യുന്ന മഴയെ ഞാന്‍ സന്തോഷത്തോടെയാണ് എതിരേറ്റത്. മഴ നോക്കിയിരിക്കാന്‍ തന്നെ എന്തൊരു രസം. രാവിലെ മൂടിക്കെട്ടിയ പ്രഭാതം കണ്ടപ്പോഴെ ഞാന്‍ എന്റെ റെയിന്‍ കോട്ട് പുറത്തെടുത്തു. മഴയിലൂടി ബൈക്ക് ഓടിക്കുന്നത് എനിക്ക് ഒരു ഹരമാണ്. മഴ ആയതിനാല്‍ വാഹനങ്ങള്‍ കുറവായിരിക്കും. അതിനാല്‍ നല്ല സ്പീഡില്‍ തന്നെ വണ്ടി ഓടിക്കാം. വെള്ളം ഇരുവശത്തേക്കും ചീറ്റിത്തെറുപ്പിച്ചു പോകുംബൊള്‍ ചെറുപ്പത്തിലെ വിക്രുതികളായിരുന്നു മനസ്സ് നിറയെ.

എന്റെ നാട് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നിന്നും ഒരു 20 കിലോമീറ്റര്‍ അകലെ ഉടുംബന്നൂര്‍ എന്ന സ്ഥലത്താണ്. നിറയെ തോടുകളും കുളങ്ങളും പുഴകളുമുള്ള നാട്. നിറയെ റബ്ബര്‍ മരങ്ങള്‍. മഴക്കാലമായാല്‍ ഉടുംബന്നൂരിന് ഒരു പ്രത്യേക ഭാവമാണ്. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ ഇരുട്ടടച്ച് മഴ പെയ്യും. മഴ കണ്ട് നില്‍ക്കുന്നതു തന്നെ ഒരു പ്രത്യേക രസമാണ്. മഴയുടെ കൂടെ കാറ്റ് കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. രാവിലെ തുടങ്ങുന്ന മഴ ചിലപ്പോള്‍ സന്ധ്യ ആയാലും തീരില്ല. മഴക്കാല രാത്രികളില്‍ മൂടിപ്പുതച്ചു കിടക്കാന്‍ എന്തൊരു സുഖമായിരുന്നു. മഴയില്‍ വിവിധ തരം ജീവജാലങ്ങളുടെ ശബ്ദം അപ്പോള്‍ ഉയര്‍ന്നു കേള്‍ക്കാം. ചെറു തവളകളുടെയും ചീവീടുകളുടെയും മഴയുടേയും ശബ്ദമായിരുന്നു അന്നത്തെ ഉറക്കുപാട്ട് തന്നെ. കുട്ടിക്കാലത്തെ ഓര്‍മ്മയുടെ മണിച്ചെപ്പില്‍ നിന്നും പുറത്തു ചാടുന്ന ഇങ്ങനെയുള്ള ഒരുപിടി ഓര്‍മ്മകള്‍ ആണ് ഇടക്കിടെ പെയ്യുന്ന ഡല്‍ഹിയിലെ മഴ എനിക്ക് സമ്മാനിക്കുന്നത്.

posted by മഴത്തുള്ളി @ 11:04 PM

13 Comments:
At 2:33 AM, കെവി ഇങ്ങിനെ പറഞ്ഞു…

പെയ്യട്ടങ്ങനെ പെയ്യട്ടേ,
മാനം നിറഞ്ഞു പെയ്യട്ടേ


At 3:34 AM, കല്യാണി ഇങ്ങിനെ പറഞ്ഞു…

മഴ എല്ലാര്‍ക്കും ഇഷ്ടല്ലേ...എങ്കിലും മഴ എന്ന് കേള്‍ക്കുമ്പോള്‍, അതും വെണ്ണിയാനിയുടെ അയല്‍പ്രദേശമായ ഉടുമ്പന്നൂരിന്റെ പശ്ചാത്തലത്തിലാവുമ്പോള്‍ വിക്ടറിനേയെ ഓര്‍മ വരുന്നുള്ളു..


At 5:46 AM, ദിവാ (ദിവാസ്വപ്നം) ഇങ്ങിനെ പറഞ്ഞു…

കൊണാട്ട് പ്ലേസുകാരനു സ്വാഗതം.

ഞാനും ഒരു പഴയ ഡെല്‍ഹിക്കാരന്‍.

ഹാപ്പി ബ്ലോഗിംഗ്...........


At 5:15 AM, ഇളംതെന്നല്‍.... ഇങ്ങിനെ പറഞ്ഞു…

സ്വാഗതം സ്വാഗതം


At 2:48 AM, പട്ടേരി l Patteri ഇങ്ങിനെ പറഞ്ഞു…

സ്വാഗതം...
കര്‍ക്കിടകത്തിലെ പേമാരി പോലെ പെയ്തിറങ്ങട്ടെ ഇവിടെ നിന്റെ ബ്ലൊഗുകള്‍...

പെയ്തിറങ്ങുന്ന ആ മഴതുള്ളികള്‍ ആസ്വദിക്കാന്‍ ഞാന്‍ വീണ്ടും വരുന്നുണ്ടിവിടെ... തകര്‍പ്പന്‍ ബ്ലൊഗുകള്‍ പ്രതീക്ഷിചുകൊണ്ടു.
സസ്നേഹം , ഞാന്‍...


At 10:53 PM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

എന്റെ ചെറിയ ബ്ലോഗിനു അഭിപ്രായങ്ങള്‍ എഴുതിയ എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി.

കെവിന്റെ ബ്ലോഗ് മിക്കതും വായിച്ചു.

കല്യാണി പറഞഞ വിക്ടറിന്റെ ഓര്‍മ്മ വന്നതു തന്നെ ഇതു എഴുതിയപ്പോഴല്ലേ. ഇങ്ങനെ പഴയ മറന്നുപോയ കാര്യങ്ങളെ (ചീത്ത ആയാലും നല്ലതായാലും) വീണ്ടും ഓര്‍മ്മിക്കാന്‍ സാധിച്ചില്ലേ?

ദിവാസ്വപ്നത്തിന്റെ ബ്ലോഗുകള്‍ വായിച്ചു. എണ്ടൈസറിണ്ടെയും ഇന്റ്ര്‌വ്യുവിന്റെയും ഒക്കെ കാര്യങ്ങള്‍ കലക്കി. എന്റെ വീട് കുത്തബ് മിനാറിന്ടെ അടുത്താണ്.

ഇളംതെന്നലിന്റെ അഭിപ്രായങ്ങള്‍ക്ക് നന്ദി.

പട്ടേരിയുടെ കമന്റിനും നന്ദി.

മാത്യു, ന്യു ഡല്‍ഹി.


At 12:05 AM, വക്കാരിമഷ്ടാ ഇങ്ങിനെ പറഞ്ഞു…

സ്വാഗതം. ഇവിടെയും ഭയങ്കര മഴ...


At 12:20 AM, saptavarnangal ഇങ്ങിനെ പറഞ്ഞു…

മാത്യു,
സ്വാഗതം!
മറ്റൊരു ബൂലൊകവാസി,
മറ്റൊരു തൊടുപുഴക്കാരന്‍!


At 1:21 AM, മഴത്തുള്ളി ഇങ്ങിനെ പറഞ്ഞു…

വക്കാരിമഷ്ടാ,

സ്വാഗതം അങ്ങോട്ടും. ബ്ലോഗു പേജ് കണ്ടിരുന്നു.

സപ്തവര്‍ണ്ണ്‌ങ്ങള്‍ തൊടുപുഴയിലെവിടെയാണ് എന്നു മനസിലായില്ല.

- മാത്യു -


At 2:47 AM, നന്ദു കാവാലം ഇങ്ങിനെ പറഞ്ഞു…

വയനാട്ടിലെ ബന്ധു വീട്ടില്‍ പോയപ്പോള്‍ വിഷമം അറിഞ്ഞില്ലേ? അതു പിന്നെ ടാക്സി പിടിച്ചു ഇടുക്കിയില്‍ പോയെങ്കിലും മഴയും കുളങ്ങളും കാണാമെന്നു വയ്ക്കാം . ഇവിടെ ഗള്‍ഫിലെവിടെ കുളം? നാട്ടില്‍ നിന്നു വരുന്നവരോടെല്ലാം ഞാന്‍ പറയും ഒരു കുളമെങ്കിലും കൊണ്ടു വരാന്‍, അവര്‍ പറയും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ 30 കിലോയില്‍ കൂടുതല്‍ അനുവദിക്കുന്നില്ലെന്ന്.നല്ല ലളിതമായ എഴുത്ത്. തുടരണെ...നന്ദു.


At 3:13 AM, സുല്‍ | Sul ഇങ്ങിനെ പറഞ്ഞു…

രം
തുരം
ആതുരം
ഗൃഹാതുരം
ഗൃഹാതുരചിന്തകള്‍ മനോഹരം മഴത്തുള്ളീ

-സുല്‍


At 3:18 AM, ഇത്തിരിവെട്ടം© ഇങ്ങിനെ പറഞ്ഞു…

ഹോ... മഴത്തുള്ളി മാഷേ... മഴയെക്കുറിച്ച് പറഞ്ഞ് കൊതിപ്പിക്കാതെ.

മഴ എന്ന് കേട്ടാല്‍ നാടും തോടും പാടവും തിമര്‍ത്ത് പെയ്യുന്ന മഴയും ആ മഴയില്‍ കടലാസുകപ്പലിറക്കിയുന്ന കുട്ടിക്കാലവും എല്ലാം നൊടിയിടേ മനസ്സിലെത്തും...

ഒത്തിരി ഇഷ്ടം ഈ പോസ്റ്റ്.


At 3:44 AM, indiaheritage ഇങ്ങിനെ പറഞ്ഞു…

"
രം
തുരം
ആതുരം
ഗൃഹാതുരം
ഗൃഹാതുരചിന്തകള്‍ മനോഹരം മഴത്തുള്ളീ--
----"
ഞാന്‍ സംഗീതശാസ്ത്രത്തില്‍ പിന്നീട്‌ എഴുതുവാന്‍ വച്ചിരുന്ന സ്രോതോവഹയതിപ്രയോഗം ദേ സുല്ലെടുത്തിട്ടു കലക്കി.

No comments: